ബീഹാറിൽ നിന്നെത്തി കലോത്സവത്തിൽ തിളങ്ങി മുഹമ്മദ് ദിൽ നവാസ്
കണ്ണൂർ: കണ്ണൂർ റവന്യു ജില്ല കലോത്സവത്തിൽ ഉറുദു പ്രസംഗത്തിന് ഒന്നാം സ്ഥാനവും ഉറുദു കവിത രചന, ഉപന്യാസം എന്നിവയ്ക്ക് എ ഗ്രേഡും നേടി ബീഹാറിൽ നിന്നെത്തിയ മുഹമ്മദ് ദിൽ നവാസ്. പി.ആർ.എം കൊളവല്ലൂർ എച്ച്.എസ്.എസ് എട്ടാം തരം വിദ്യാർത്ഥിയായ നവാസ് ഈ വർഷമാണ് ദറസ് പഠനത്തിനായി കേരളത്തിൽ എത്തിയത്.
ഒപ്പമുള്ള കുട്ടികൾ എല്ലാവരും കലോത്സവത്തിന് ഒരുങ്ങിയപ്പോൾ ആഗ്രഹം തോന്നി കൂടെ കൂടിയതാണ് ഈ കുട്ടി. അറിയുന്ന ഭാഷയിലെ മത്സരമെന്ന നിലയിൽ സ്കൂളിലെ ഉറുദു അദ്ധ്യാപകൻ യൂസഫാണ് മത്സരത്തിന് പേര് നൽകിയത്.
എന്നാൽ ഫലം വന്നപ്പോൾ മത്സരിച്ച മൂന്നിനങ്ങളിലും നവാസിന് ജയം. ബീഹാറിലുള്ള കുടുംബത്തെ അറിയച്ചപ്പോൾ അവർക്കും സന്തോഷം. പതിനൊന്ന് പേരെ പിൻതള്ളിയാണ് ഉറുദു പ്രസംഗത്തിൽ മുഹമ്മദ് ദിൽ നവാസ് ഒന്നാമതെത്തിയത്. ബീഹാറിലും ഡൽഹിയിലുമായാണ് നേരത്തെ പഠിച്ചത്. എന്നാൽ അവിടെയൊന്നും കിട്ടാത്ത ഈ ഭാഗ്യത്തിന്റെ സന്തോഷവും മുഹമ്മദ് ദിൽ നവാസിനുണ്ട്. ഇതാദ്യമായാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നതും. തനിക്ക് പൂർണ പിന്തുണ നൽകി കൂടെ നിന്ന അദ്ധ്യാപകരാണ് വിജത്തിന് പിന്നിലെന്നും ഈ കുട്ടി പറഞ്ഞു.