പ്രചരണം കൊഴുപ്പിക്കാൻ എ.ഐ തരംഗം

Friday 21 November 2025 2:16 AM IST

ആലപ്പുഴ: മാസ് ബിജിഎമ്മിട്ട വീഡിയോകളും പോസ്റ്ററുകളും ഔട്ട്. സ്ഥാനാർത്ഥികളുടെ എ.ഐ പ്രചരണ വീഡിയോകളാണ് ഇപ്പോൾ നാട്ടിലെ ഹിറ്റ്. എ.ഐകാലത്തെ ആദ്യ തദ്ദേശ തിരഞ്ഞെടുപ്പായതിനാൽ ആധുനിക വിദ്യ ഉപയോഗിച്ചുള്ള പ്രചരണം തകൃതിയാണ്. പ്രോംപ്റ്റുകളിൽ തയ്യാറാക്കുന്ന വീഡിയോകളിൽ സ്ഥാനാർത്ഥികൾക്ക് പറയാനുള്ളതെല്ലാം ജനങ്ങളോട് നേരിട്ട് പറയാം, വോട്ട് അഭ്യർത്ഥിക്കാം. എ.ഐ വീഡിയോകൾക്ക് ചെലവ് കുറവാണെന്നതാണ് മറ്റൊരു പ്രത്യേകത. സ്ഥാനാർത്ഥികളുടെ എ.ഐ വീഡിയോകൾ അവർ പറയുന്ന തരത്തിൽ റെഡിയാക്കി നൽകുന്ന സംഘങ്ങൾ ഇപ്പോൾ സജീവമാണ്. പതിവുരീതികൾക്ക് പുറമേയാണ് പുത്തൻമാതൃകകളുമായി സ്ഥാനാർത്ഥികൾ രംഗത്തിറങ്ങിയിട്ടുള്ളത്.

കർശന നിരീക്ഷണം

തദ്ദേശ തിരഞ്ഞെടുപ്പിൽ എ.ഐ പ്രചാരണങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ കർശന നിരീക്ഷണങ്ങളാണ് ഏർപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികളെ ഇക്കാര്യം അറിയിച്ചിട്ടുമുണ്ട്. ഡീപ് ഫേക്ക് വീഡിയോ, ഓഡിയോ, തെറ്റായ വിവരങ്ങൾ, സ്ത്രീകളെ അപമാനിക്കുന്ന ഉള്ളടക്കം, കുട്ടികളെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത്, മൃഗങ്ങളോടുള്ള ഹിംസ പ്രചരിപ്പിക്കുന്നത് എന്നിവ പൂർണമായും വിലക്കിയിട്ടുണ്ട്. എ.ഐ നിർമ്മിത ഉള്ളടക്കങ്ങളാണെങ്കിൽ അവ വ്യക്തമായി രേഖപ്പെടുത്തണം. വീഡിയോയിൽ സ്ക്രീനിന് മുകളിലായും ചിത്രങ്ങളിൽ കുറഞ്ഞത് 10 ശതമാനം ഡിസ്‌പ്ലേ ഭാഗത്തും, ഓഡിയോയിൽ ആദ്യ 10 ശതമാനം സമയദൈർഘ്യത്തിലും ലേബൽ വ്യക്തമായി ഉണ്ടാകണം.ഉള്ളടക്കം സൃഷ്ടിച്ച വ്യക്തിയുടെ/സ്ഥാപനത്തിന്റെ പേര് മെറ്റാഡാറ്റയിലും വിവരണത്തിലും വെളിപ്പെടുത്തണമെന്നാണ് നിർദ്ദേശം.