പേടി മാറ്റി കാഴ്ചയൊരുക്കി സുമതി വളവ്
കല്ലറ: അപസർപ്പക കഥകളിലെ പേടിപ്പെടുത്തുന്ന ഇടമായ 'സുമതി വളവ് ' ഇപ്പോൾ വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാകുന്നു. സുമതി വളവിന്റെ പേരിൽ സിനിമ കൂടിയിറങ്ങിയതുമുതലാണ് ആളുകൾ ഒഴുകിയെത്താൻ തുടങ്ങിയത്.
ഒരുകാലത്ത് പകൽപോലും ഇതുവഴി പോകാൻ ആളുകൾക്ക് ഭയമായിരുന്നു. ഭരതന്നൂരിനും പാലോടിനുമിടയിൽ മൈലമൂടെന്ന മലയോര ഗ്രാമത്തിലാണ് സുമതി വളവുള്ളത്. 70 വർഷങ്ങൾക്ക് മുൻപ് കാമുകന്റെ ചതിയിൽ ജീവനും ജീവിതവും നഷ്ടമായ സുമതിയെന്ന 22കാരിയുടെ പേരിലാണ് സ്ഥലം അറിയപ്പെടുന്നത്.1953 ജനുവരി 27ന് ഇവിടത്തെ കൊടുംവളവിൽ വച്ചാണ് ഗർഭിണിയായിരുന്ന സുമതിയെ കഴുത്തറുത്ത് കൊന്നത്.
സാമൂഹിക
വിരുദ്ധരുടെ കേന്ദ്രം
കൊല്ലപ്പെട്ട സുമതിയുടെ ആത്മാവ് ഈ പ്രദേശത്ത് ഗതികിട്ടാതെ അലയുന്നെന്ന ധാരാളം കഥകൾ പടർന്നു. പട്ടാപ്പകൽപോലും ഇതുവഴി കടന്നുപോകാൻ ആളുകൾ മടിച്ചു. രാത്രിയിൽ ഇതുവഴി പോകുന്ന വാഹനങ്ങൾ തനിയെ ഓഫാവുക, ബൈക്ക് യാത്രികർ പൊടുന്നനെ എടുത്തെറിയപ്പെടുക,ലൈറ്റുകൾ തനിയെ അണയുക, ടയറുകൾ പഞ്ചറാവുക അങ്ങനെ കഥകൾ പലതും പ്രചരിച്ചു. കഥകളുടെ മറവിൽ മോഷണവും പിടിച്ചുപറിയും പതിവായി. സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി പ്രദേശം മാറി.
തുടർന്ന് പാങ്ങോട് പഞ്ചായത്ത് ഇടപെട്ട് പ്രദേശത്ത് സി.സി ടിവി സ്ഥാപിച്ചതോടെ മാലിന്യ നിക്ഷേപവും സാമൂഹ്യ ശല്യത്തിനും പരിഹാരമായി.സുമതി വളവുമായി ബന്ധപ്പെട്ട കഥകൾക്കു പിന്നിൽ സാമൂഹ്യ വിരുദ്ധരാണെന്നാണ് നാട്ടുകാർ പറയുന്നത്. പിടിച്ചുപറിയും അനാശാസ്യവുമാണ് ഇവർ ലക്ഷ്യം വയ്ക്കുന്നത്.