ഡൽഹി സ്‌ഫോടനത്തിലും പങ്ക് ഡോക്‌ടർമാരടക്കം 4 പേർ എൻ.ഐ.എ കസ്റ്റഡിയിൽ

Friday 21 November 2025 12:32 AM IST

ന്യൂഡൽഹി: ഫരീദാബാദിൽ 2900 കിലോയിൽപ്പരം സ്‌ഫോടകവസ്‌തുക്കളും ആയുധങ്ങളും പിടിച്ചെടുത്ത കേസിൽ പിടിയിലായ മൂന്ന് ഡോക്‌ടർമാർ അടക്കം നാലുപേരെ ഡൽഹി സ്‌ഫോടന സംഭവത്തിലും പ്രതികളാക്കി അറസ്റ്റ് രേഖപ്പെടുത്തി. ഡൽഹിയിലെ പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയ ഡോ. മുസമ്മിൽ ഷക്കീൽ ഗനായ്, ഡോ. അദീൽ അഹമ്മദ് റാത്തർ, ഡോ. ഷഹീൻ സയീദ്, മുഫ്‌തി ഇർഫാൻ അഹമ്മദ് വാഗായ് എന്നിവരെ 10 ദിവസത്തേക്ക് എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു.

'മാഡം സർജൻ' എന്ന് കൂട്ടാളികൾ വിളിക്കുന്ന ഷഹീൻ സയീദ് ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ റിക്രൂട്ട്മെന്റ് വിഭാഗമായ ജമാഅത്തുൽ മൊമിനാതിന്റെ ഇന്ത്യയിലെ മേധാവിയാണ്. ലക്‌നൗ സ്വദേശിനിയാണ്. മറ്റു മൂന്നുപേർ ജമ്മു കാശ്‌മീർ സ്വദേശികൾ. ചെങ്കോട്ടയ്‌ക്ക് സമീപം കാറിൽ പൊട്ടിച്ചിതറിയ ഡോ. ഉമർനബി ഇവരുടെ കൂട്ടാളിയായിരുന്നു. കേസിൽ നേരത്തെ രണ്ടുപേരെ പിടികൂടിയിരുന്നു. ഇതോടെ,​ സ്‌ഫോടനക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. ഇവർ മുഖ്യആസൂത്രകരാണെന്ന് എൻ.ഐ.എ പറയുന്നു.

ഇന്ത്യൻ മുജാഹിദ്ദീൻ

ഭീകരനിലേക്കും അന്വേഷണം

ഫരീദാബാദ് അൽ ഫലാ യൂണിവേഴ്സിറ്റിയിലെ മുൻ വിദ്യാർത്ഥിയായ ഇന്ത്യൻ മുജാഹിദ്ദീൻ ഭീകരൻ മിർസ ശദബ് ബയിഗിനെ കേന്ദ്രീകരിച്ചും അന്വേഷണം. ഇയാൾക്ക് ചെങ്കോട്ട സ്‌ഫോടനത്തിൽ പങ്കുണ്ടോയെന്നാണ് ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ പരിശോധിക്കുന്നത്. 2007 കാലഘട്ടത്തിൽ അൽ ഫലാ യൂണിവേഴ്സിറ്റിയിലെ ബി.ടെക് വിദ്യാർത്ഥിയായിരുന്നു. ഉത്തർപ്രദേശ് അസംഗഡ് സ്വദേശിയാണ്. 2008ൽ രാജസ്ഥാനിലും ഗുജറാത്തിലും നടന്ന ബോംബ് സ്‌ഫോടനങ്ങളിൽ ഏജൻസികൾ തെരയുന്ന ഭീകരനാണ്. ഇയാൾക്കെതിരെ ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടീസ് നിലവിലുണ്ട്.