'ഇന്ത്യ'ക്കാരിയായ ചീറ്റപ്പുലി മുഖി അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി

Friday 21 November 2025 12:09 AM IST

ന്യൂഡൽഹി: മദ്ധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലുള്ള ഇന്ത്യയിൽ ജനിച്ച 33 മാസം പ്രായമുള്ള പെൺ ചീറ്റപ്പുലി മുഖി അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. 'പ്രൊജക്റ്റ് ചീറ്റ' പ്രകാരം നമീബിയയിൽ നിന്നു കൊണ്ടുവന്ന ജ്വാല എന്ന നമീബിയൻ ചീറ്റയുടെ മകളാണ് മുഖി. മുഖി കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ വിവരം മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവാണ് എക്‌സിലൂടെ അറിയിച്ചത്. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നു. ഇന്ത്യയുടെ ചീറ്റ പുനരവതരണ പദ്ധതിയിൽ ഇതൊരു വഴിത്തിരിവാണ്- മോഹൻ യാദവ് എക്‌സിൽ കുറിച്ചു.

രാജ്യത്ത് ചീറ്റപ്പുലികൾക്ക് വംശനാശം സംഭവിച്ചതിനെ തുടർന്ന് 2022 സെപ്തംബറിൽ തുടക്കം കുറിച്ച പ്രൊജക്റ്റ് ചീറ്റ പ്രകാരം ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ നിന്ന് മൂന്ന് ആൺ ചീറ്റകളെയും അഞ്ച് പെൺ ചീറ്റകളെയും കുനോയിൽ എത്തിച്ചിരുന്നു. ചീറ്റപ്പുലികളെ ആദ്യമായിട്ടായിരുന്നു ഒരു ഭൂഖണ്ഡത്തിൽ നിന്ന് മറ്റൊരു ഭൂഖണ്ഡത്തിലേക്ക് കൊണ്ടുപോകുന്നത്. 2023 ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റകളുമെത്തി.

1952ൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ചീറ്റകൾക്ക് വംശനാശം സംഭവിച്ച ശേഷം ആദ്യമായാണ് ഇന്ത്യൻ ചീറ്റപ്പുലിയുടെ പ്രസവം റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 33 ആയി. ഇതിൽ 30 ചീറ്റകൾ കുനോയിലും മൂന്നെണ്ണം ഉജ്വയിനിലെ ഗാന്ധി സാഗർ വന്യമൃഗ സങ്കേതത്തിലുമാണ്.