66 കിലോ ചന്ദനവുമായി അഞ്ചംഗ സംഘം അറസ്റ്റിൽ

Friday 21 November 2025 2:35 AM IST

പിടിയിലായവരിൽ പാസ്റ്ററും

കൊച്ചി: പോണ്ടിച്ചേരിയും ഗോവയും കേന്ദ്രമായുള്ള ചന്ദനത്തൈല ഫാക്ടറികളിലേക്ക് ചന്ദനമുട്ടികൾ കടത്തുന്ന സംഘത്തെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. വനംവകുപ്പ് ഉദ്യോഗസ്ഥർ ഇടനിലക്കാരെന്ന വ്യാജേന സമീപിച്ചാണ് പ്രതികളെ വലയിൽ വീഴ്‌ത്തിയത്. സംഘത്തിൽ നിന്ന് മേൽത്തരം ഇനത്തിൽപ്പെട്ട 66 കിലോ ചന്ദനമുട്ടികളും ഇവ കടത്താനുപയോഗിച്ച രണ്ട് വാഹനങ്ങളും പിടിച്ചെടുത്തു. പ്രതികളിൽ ഒരാൾ പാസ്റ്ററാണ്.

ഇടുക്കി ഇരട്ടയാർ പാലമറ്റത്തിൽ വീട്ടിൽ ചാർലി ജോസഫ് (56), ഇരട്ടയാർ ഈറ്റിക്കൽ വീട്ടിൽ നിഖിൽ സുരേഷ് (25), കട്ടപ്പന വെള്ളായംകുടി വാഴപ്പറമ്പിൽ വീട്ടിൽ സരൺ ശശി 26), രാജാക്കാട് വഴേപ്പറമ്പിൽ വീട്ടിൽ പാസ്റ്റർ വി.എസ്.ഷാജി (58), തൊടുപുഴ കുടയത്തൂർ വളവനാട്ടു വീട്ടിൽ അനീഷ് മാത്യു (43) എന്നിവരെയാണ് കോടനാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ ആർ. അധീഷ്, മേക്കപ്പാല ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ. ദിധീഷ് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്.

ഇന്നലെ പുലർച്ചെ മൂവാറ്റുപുഴ തൃക്കളത്തൂർ ഭാഗത്ത് നിന്ന് അനീഷിനെ ആദ്യം കസ്റ്റഡിയിലെടുത്തു. തുടർന്ന് വാഴക്കുളത്ത് നിന്ന് പാസ്റ്റർ ഷാജി പിടിയിലായി. രണ്ട് കിലോ ചന്ദനമുട്ടി കണ്ടെടുത്തു. ഇരുവരിൽ നിന്നും കിട്ടിയ വിവരത്തെ തുടർന്നാണ് ഇരട്ടയാറിൽ നിന്ന് 64 കിലോ ചന്ദനമുട്ടിയുമായി ചാർലി ജോസഫ്, സുരേഷ്, സരൺ ശശി എന്നിവർ അറസ്റ്റിലായത്. നിഖിലിന്റെ വാഗണർ കാറുൾപ്പെടെ കസ്റ്റഡിയിലെടുത്തു.

വടയാർ, പൂപ്പാറ മേഖലകളിൽ നിന്നാണ് പ്രതികൾ ചന്ദനം ശേഖരിക്കുന്നത്. കിലോയ്ക്ക് 20000 രൂപയാണ് ഈടാക്കുന്നത്. ഷാജി വിസ തട്ടിപ്പ്, ഹെറോയിൻ വിൽപ്പന കേസുകളിൽ പ്രതിയാണ്. വൈകിട്ടോടെ പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി14 ദിവസത്തേക്ക് മൂവാറ്റുപുഴ സബ് ജയിലിൽ റിമാൻഡ് ചെയ്ത പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ കോടതിയെ സമീപിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.