കലാരവത്തിന് ഇന്ന് തിരശീല വീഴും
ഇരിങ്ങാലക്കുട : കൗമാര കലാമാമാങ്കത്തിന് ഇന്ന് തിരശീല വീഴാനിരിക്കെ ഇരിങ്ങാലക്കുടയിൽ കീരിടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം. ഇന്ന് മോഹിനിമാരും തിരുവാതിരച്ചുവടുമായി മങ്കമാരും വേദിയിൽ നിറയും. മത്സരവേദികൾ നിറഞ്ഞ മൂന്നാം ദിനത്തിൽ സംഘനൃത്തം, കഥാപ്രസംഗം, നാടൻപാട്ട് തുടങ്ങിയവയെല്ലാം സമകാലീന സംഭവങ്ങളാൽ ആകർഷകമായി. കഥകളി, വൃന്ദവാദ്യം, മാർഗംകളി, ഗോത്രകലകളായ മലപ്പുലയാട്ടം, പണിയ നൃത്തം തുടങ്ങിയവയും സദസിനെ പിടിച്ചിരുത്തി. ടൗൺഹാളിൽ നടന്ന സംഘനൃത്തം കാണാൻ വൻതിരക്കായി. നൃത്തവേദികളിലും പൂരക്കളിയിലും ആസ്വാദകർ നിറഞ്ഞു. അവസാന ദിനമായ ഇന്ന് ഒൻപത് വേദികളിലായി തിരുവാതിരക്കളി, നാടോടി നൃത്തം, മോഹിനിയാട്ടം, പൂരക്കളി, ഓട്ടൻതുള്ളൽ തുടങ്ങിയ മത്സരങ്ങൾ നടക്കും. വൈകിട്ട് നടക്കുന്ന സമാപനസമ്മേളനം കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്യും.
സ്വർണക്കുട ചൂടുമോ ഇരിങ്ങാലക്കുട ?
ഇരിങ്ങാലക്കുട : സ്വന്തം മണ്ണിൽ കിരീടം ചൂടാനുള്ള കഠിനപരിശ്രമത്തിലാണ് ഇരിങ്ങാലക്കുട. ഇന്നലെ രാത്രി ഒമ്പത് വരെയുള്ള പോയിന്റ് നിലയിൽ ആതിഥേയരായ ഇരിങ്ങാലക്കുട 813 പോയിന്റോടെ മുന്നിലാണ്. 789 പോയിന്റോടെ തൃശൂർ വെസ്റ്റ് രണ്ടാമതുണ്ട്. 777 പോയിന്റോടെ തൃശൂർ ഈസ്റ്റാണ് മൂന്നാമത്. 770 പോയിന്റുമായി കുന്നംകുളം നാലാമതും 760 പോയിന്റുമായി വലപ്പാട് അഞ്ചാമതുമാണ്. മാള (748), ചാലക്കുടി (746), കൊടുങ്ങല്ലൂർ (709), ചേർപ്പ് (693), ചാവക്കാട് (693), വടക്കാഞ്ചേരി (654), മുല്ലശ്ശേരി (567) എന്നിങ്ങനെയാണ് പോയിന്റ് നില. സ്കൂളുകളിൽ 240 പോയിന്റോടെ കൊടുങ്ങല്ലൂർ ഉപജില്ലയിലെ മതിലകം സെന്റ് ജോസഫ്സ് എച്ച്.എസ്.എസാണ് ഒന്നാമത്. 215 പോയിന്റുമായി ചെന്ത്രാപ്പിന്നി എച്ച്.എസ്.എസാണ് രണ്ടാമത്. ചാലക്കുടി കാർമൽ എച്ച്.എസ്.എസ് 213 പോയിന്റോടെ തൊട്ടുപിന്നിലുണ്ട്.
സമയം തെറ്റി, വേദിയിൽ കുഴഞ്ഞുവീണ് മത്സരാർത്ഥി
ഇരിങ്ങാലക്കുട: യു.പി വിഭാഗം ഭരതനാട്യത്തിൽ മത്സരിച്ചശേഷം വിദ്യാർത്ഥി വേദിയിൽ കുഴഞ്ഞുവീണു. കരുവന്നൂർ സെന്റ് ജോസഫ്സ് സി.ജി.എച്ച്.എസ്.എസ് സ്കൂളിലെ വിദ്യാർത്ഥി അൻവിതയാണ് തളർന്ന് വീണത്. രാവിലെ ഒമ്പതിന് ആരംഭിക്കേണ്ട മത്സരം ആരംഭിച്ചത് 11 മണിയോടെയാണ്. അൻവിതയുടെ ഊഴം എത്തിയത് പന്ത്രണ്ടരയോടെയും. രാവിലെ നടക്കുന്ന മത്സരത്തിന് പുലർച്ചെ വീട്ടിൽ നിന്ന് പുറപ്പെട്ടതിനാൽ ഭക്ഷണം കഴിച്ചിരുന്നില്ല. മേക്കപ്പിട്ടതിനാൽ ഉച്ചവരെ ഭക്ഷണം കഴിക്കാനും കഴിഞ്ഞില്ല. ഇതാണ് തളർന്ന് വീഴാൻ കാരണം. മെഡിക്കൽ ടീം എത്തി പ്രഥാമിക ശ്രുശ്രുഷ നൽകി.
ശബ്ദാനുകരണം സർവ്വജിത്തിന്സ്വന്തം ശൈലി
തൃശൂർ : പരിശീലകനില്ലാതെ കലോത്സവ വേദിയിലെത്തി ശബ്ദാനുകരണത്തിൽ സ്വന്തം ശൈലിയിൽ കഴിവ് തെളിയിച്ച് സർവ്വജിത്ത്. ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ സർവ്വജിത്ത് പരമ്പരാഗത മിമിക്രി അവതരണത്തിന് ഒപ്പം ചിന്തുപ്പാട്ട്, ഫക്ടറിയുടെ ശ്ബദം തുടങ്ങി വ്യത്യസ്തമായ അവതരണത്തിലൂടെയാണ് സമ്മാനവുമായി മടങ്ങിയത്. ചെറുപ്പം മുതൽ തന്നെ ശബ്ദാനുകരണ കലയോട് ഏറെ താത്പര്യമുണ്ടായിരുന്നു. പെയിന്റിംഗ് തൊഴിലാളിയായ കണ്ണന്റെയും ജിജിയുടെയും ഏകമകനാണ്്. വരും നാളുകളിൽ ഈ മേഖലയിൽ ശാസ്ത്രീയമായ പരിശീലനം നടത്താനുള്ള അഗ്രഹവും സർവ്വജിത്ത് പ്രകടിപ്പിച്ചു.
കൂടൽമാണിക്യത്തിലെ ആളിക്കത്തി ജാതി വിവേചനം
തൃശൂർ: കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതിവിവേചനം കലോത്സവ വേദിയിലെത്തിച്ച് സംഘനൃത്തം ടീമുകൾ. മാലകെട്ടും കൈകൾക്ക് വെളുപ്പുവേണം കഴകം ചെയ്യാനോ കുലം നോക്കണം' തുടങ്ങിയ വരികളിൽ ജാതിയുടെയും നിറത്തിന്റെയും പേരിൽ നടക്കുന്ന വിവിധ വേർതിരിവുകളുടെ ദൃശ്യവിരുന്നാണ് ഹയർസെക്കൻഡറി വിഭാഗത്തിൽ കൊടകര ഗവ. ഗേൾസ് സ്കൂളും ഹൈസ്കൂൾ വിഭാഗത്തിൽ ഇരിങ്ങാലക്കുട നാഷണൽ ഹയർസെക്കൻഡറി സ്കൂളും സംഘനൃത്തിലൂടെ അവതരിപ്പിച്ചത്. അയിത്തവും തൊട്ടുകൂടായ്മയും മാറുമറയ്ക്കാൻ സ്വാതന്ത്ര്യമില്ലാത്ത പെൺകിടാങ്ങളും പഞ്ചമിയും വില്ലുവണ്ടിസമരവും അയ്യങ്കാളിയും മാറ്റങ്ങൾ സൃഷ്ടിക്കുന്ന വേടന്മാരും നൃത്തചുവടുകളിൽ ആളിക്കത്തി. കൊടകര ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികൾ സംഘനൃത്തം അവസാനിക്കുമ്പോൾ കൂടൽ മാണിക്യക്ഷേത്രത്തിലെ കഴക പ്രശ്നത്തെ ചോദ്യം ചെയ്ത് പ്ലക്കാർഡുകൾ ഉയർത്തി. ആനന്ദപുരം അരുൺ നമ്പലമാണ് ഗുരു. ജ്യോതിഷ് തെക്കേടത്താണ് വരികളെഴുതിയത്.
റിപ്പോർട്ട് കൃഷ്ണകുമാർ ആമലത്ത് വി.ആർ.സുകുമാരൻ
ഫോട്ടോ : റാഫി എം.ദേവസി.