ഇവിടെ 'വിളമ്പുന്നത്' അന്നവും സ്നേഹവും,​ ശതാബ്ദി നിറവിൽ വഞ്ചി പുവർഫണ്ട്

Friday 21 November 2025 4:46 AM IST

തിരുവനന്തപുരം: തിരിച്ചൊന്നും പ്രതീക്ഷിക്കാതെ അന്നവും സ്നേഹവും വിളമ്പി ചരിത്രത്തിനൊപ്പം നടന്ന കഥയാണ് ശതാബ്ദി നിറവിലെത്തിയ വഞ്ചി പുവർ ഫണ്ടിന് പറയാനുള്ളത്. രണ്ടാംലോക മഹായുദ്ധകാലത്ത് കേരളത്തിൽ പട്ടിണി പിടിമുറുകിയപ്പോൾ കുട്ടികൾക്ക് ഉച്ചക്കഞ്ഞി നൽകാൻ ആരംഭിച്ച ഉദ്യമം ഈ 26ന് 84 വർഷം പൂർത്തിയാകുന്നു. തമ്പാനൂർ ഓവർബ്രിഡ്ജിന് സമീപമാണ് പുവർ ഫണ്ടിന്റെ കെട്ടിടം പ്രവർത്തിക്കുന്നത്. ഇവിടുത്തെ സ്നേഹത്തണലിൽ പതിനഞ്ച് അമ്മമാരുണ്ട്. ഇരുപതുവർഷം മുൻപ് പുവർ ഫണ്ടിന്റെ നേതൃത്വത്തിൽ ആരംഭിച്ചതാണ് ഈ 'അമ്മവീട്'. മക്കളുപേക്ഷിച്ചവരും നോക്കാൻ ആളില്ലാത്തവരുമൊക്കെ പരസ്പരം താങ്ങായി ജീവിക്കുന്നു.നഷ്ടപ്പെട്ട സന്തോഷം തിരിച്ചുപിടിക്കുന്നു.

മെഡിക്കൽ കോളേജിലും ആർ.സി.സി.യിലുമൊക്കെയെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പുവർ ഫണ്ടിന്റെ നേതൃത്വത്തിൽ പ്രഭാതഭക്ഷണം നൽകുന്നു. വിവാഹവും ജന്മദിനവുമൊക്കെ ആഘോഷിക്കാൻ അമ്മവീട്ടിലെത്തുന്ന സുമനസുകളുടെ സംഭാവനയാണ് ഇതിനായി വിനിയോഗിക്കുന്നതെന്ന് സെക്രട്ടറി വെങ്കട്ട് രാമൻ പറയുന്നു. മുട്ടത്തറ എൽ.പി സ്കൂളിലേക്കും ഭക്ഷണമെത്തിക്കുന്നു. പാവപ്പെട്ട രോഗികൾക്ക് ഡയാലിസിസിന് പണം നൽകുന്നു. നിർദ്ധനർക്ക് ആംബുലൻസ് സേവനവും ലഭ്യമാക്കുന്നു. പണ്ട് തലസ്ഥാനത്ത് ഷൂട്ടിംഗിനെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.ജി.ആർ വഞ്ചി പുവർ ഫണ്ട് ഓഫീസ് സന്ദർശിച്ചെന്നും തമിഴ്നാട്ടിലും ഉച്ചക്കഞ്ഞി നൽകുന്ന രീതി ആരംഭിച്ചെന്നും പറയപ്പെടുന്നു. ഐ.ജിയായി വിരമിച്ച എസ്.ഗോപിനാഥാണ് ഇപ്പോൾ പ്രസിഡന്റ്. ന്യുതീയേറ്റർ ഉടമ എസ്.ചന്ദ്രൻ ദീർഘകാലം സെക്രട്ടറിയായിരുന്നു.

പുതിയ സംരംഭം

26ന് രാവിലെ നടക്കുന്ന ശതാബ്ദിദിനാഘോഷം തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി ഉദ്ഘാടനം ചെയ്യും. 'വിശ്രാന്തി' എന്ന പകൽവീടിന് അന്ന് തുടക്കംകുറിക്കും. ജോലിക്ക് പോകുന്ന മക്കൾക്ക് മാതാപിതാക്കളെ സുരക്ഷിതരായി ഇവിടെ കൊണ്ടാക്കാം. അടഞ്ഞ വീട്ടിൽ വീർപ്പുമുട്ടി കഴിയേണ്ടിവരുന്ന വയോജനങ്ങളെ ഭക്ഷണം ഉൾപ്പെടെ നൽകി പരിപാലിക്കും.

ചരിത്രം

സ്ഥാപിതമായത് 1941 നവംബ‌ർ 26ന് ചിത്തിരതിരുനാളിന്റെ കാലത്ത്.

അന്നത്തെ ദിവാൻ സർ സി.പി രാമസ്വാമി അയ്യരാണ് ആദ്യ പ്രസിഡന്റ്

സർ സി.പി തന്റെ അമ്മയുടെ പേരിൽ സീതാലക്ഷ്മി അമ്മാൾ അന്നദാന ഫണ്ട് രൂപീകരിച്ചു

 പിന്നീട് വഞ്ചിനാടിന്റെ പേര് ചേർത്ത് വഞ്ചി പുവർ ഫണ്ടായി

പട്ടം താണുപിള്ള,ആർ.ശങ്കർ ഉൾപ്പെടെയുള്ളവർ പ്രസിഡന്റായിരുന്നു