സ്ഥാനാർത്ഥികളുടെ ശ്രദ്ധയ്ക്ക് : ഹരിതചട്ടം പാലിച്ചില്ലേൽ പണികിട്ടും

Friday 21 November 2025 12:28 AM IST

കോട്ടയം: തിരഞ്ഞെടുപ്പിൽ ഹരിതചട്ടം പൂർണമായും പാലിക്കുന്നുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ശുചിത്വ മിഷന്റെയും മേൽനോട്ടത്തിൽ ഉറപ്പാക്കും. പ്രചരണത്തിന് പ്ലാസ്റ്റിക്, പി.വി.സി, ഫ്ലക്‌സ് തുടങ്ങിയവ പൂർണമായും നിരോധിച്ചു. ബോർഡുകൾ, ബാനറുകൾ, ഹോർഡിംഗുകൾ തുടങ്ങിയ നിർമിക്കുന്നതിന് പേപ്പർ, മലിനീകരണ നിയന്ത്രണ സർട്ടിഫൈ ചെയ്ത 100 ശതമാനം കോട്ടൺ, പുനചംക്രമണം ചെയ്യാവുന്ന പോളിഎഥിലീൻ പോലുള്ളവ ഉപയോഗിക്കാം. ഓരോ ബോർഡിലും പി.സി.ബി വെബ് സൈറ്റിൽ നിന്നും സർട്ടിഫിക്കറ്റ് ലഭിക്കും വിധമുള്ള ക്യു.ആർ.കോഡ്, പ്രിന്റിംഗ് യൂണിറ്റിന്റെ പേര്, ഫോൺ നമ്പർ എന്നിവ നിർബന്ധമായും പതിച്ചിരിക്കണം. പോളിംഗ് ബൂത്തുകൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ, പരിശീലന ക്യാമ്പുകൾ എന്നിവിടങ്ങളിൽ സ്റ്റീൽ, ചില്ല്, സെറാമിക് പാത്രങ്ങൾ മാത്രമേ ഭക്ഷണ പാനീയ വിതരണത്തിന് ഉപയോഗിക്കാവൂ. പ്ലാസ്റ്റിക് ബോട്ടിലുകൾ തെർമ്മോകോൾ കപ്പുകൾ, പ്ലാസ്റ്റിക് പാഴ് വസ്തുക്കൾ തുടങ്ങിയവ പൂർണമായും ഒഴിവാക്കണം. പോളിംഗ് ബൂത്തുകൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നിവയുടെ ക്രമീകരണത്തിനും ഇലക്ഷൻ സാധന സാമഗ്രികളുടെ കൈമാറ്റത്തിനും പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കും. പ്രചാരണ സാമഗ്രികൾ ശേഖരിച്ച് യൂസർഫീ നൽകി ഹരിതകർമസേനയ്ക്ക് കൈമാറണം. അല്ലാത്തപക്ഷം തദ്ദേശ സ്ഥാപനങ്ങൾ അത് നീക്കം ചെയ്ത് ചെലവ് സ്ഥാനാർഥികളിൽ നിന്ന് ഈടാക്കും.ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് മഖേന നിരീക്ഷണം ശക്തമാക്കും.