ഇന്ത്യൻ കപ്പലുകളിലെ ജീവനക്കാരുടെ നിയന്ത്രണം പോർട്ട് അതോറിട്ടികൾക്ക്
ന്യൂഡൽഹി: ഇന്ത്യൻ സമുദ്ര പരിധിയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കപ്പലുകളിലെ ജീവനക്കാർക്ക് കപ്പലിൽ കയറുന്നതിനും ഇറങ്ങുന്നതിനുമുള്ള (സൈൻ-ഓൺ/ സൈൻ-ഓഫ്) ഷോർ ലീവിംഗ് പാസിനുള്ള (എസ്.എൽ.പി) നടപടിക്രമങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒഴിവാക്കി.
പ്രാദേശിക പരിധി വിട്ടുപോകാത്ത ഇന്ത്യൻ പതാകയുള്ള കപ്പലുകളിലെ ക്രൂവിന്റെയും സൂപ്പർന്യൂമററിയുടെയും (താത്കാലിക ജീവനക്കാർ) നിയന്ത്രണം ഇനി പോർട്ട് അതോറിട്ടികൾക്കായിരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എസ്.എൽ.പി അനുവദിക്കണമെങ്കിൽ 10 ദിവസം കൂടുമ്പോൾ ജീവനക്കാർ നേരിട്ട് എമിഗ്രേഷൻ ഓഫീസിൽ ഹാജരാകണമെന്ന നിബന്ധന പ്രയാസം സൃഷ്ടിക്കുന്നതായി കപ്പൽ ജീവനക്കാർ പരാതിപ്പെട്ടതിലാണ് നടപടി. ബന്ധപ്പെട്ട പോർട്ട് അതോറിട്ടികൾ ജീവനക്കാരുടെയും താത്കാലിക ജീവനക്കാരുടെയും വിവരങ്ങൾ സൂക്ഷിക്കണം. എമിഗ്രേഷൻ ബ്യൂറോ ഇന്ത്യൻ കപ്പലുകളിൽ മുന്നറിയിപ്പില്ലാതെ പരിശോധനകൾ നടത്തുകയും ജീവനക്കാരുടെ പട്ടിക ആവശ്യപ്പെടുകയും ചെയ്യുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തീരവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഇന്ത്യൻ കപ്പലുകൾക്കാണ് പുതുക്കിയ നിർദ്ദേശങ്ങൾ ബാധകമാവുക. ഡ്രെഡ്ജറുകൾ, ബാർജുകൾ, റിസർച്ച് വെസ്സലുകൾ തുടങ്ങിയ തുറമുഖ പരിധി വിട്ട് പോകാത്തവയാണ് ഇതിലുൾപ്പെടുന്നത്.