സുഖോയ് 57 ഇടപാട് പുടിൻ ഇന്ത്യയിലെത്തുമ്പോൾ

Friday 21 November 2025 12:53 AM IST

ന്യൂഡൽഹി:റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ അടുത്തമാസം ഇന്ത്യ സന്ദർശിക്കുമ്പോൾ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം സുഖോയ് 57-ഇ(എസ്.യു 57ഇ)ഇടപാടിൽ ഒപ്പു വയ്‌ക്കുമെന്ന് സൂചന.ഇന്ത്യയിൽ വിമാനത്തിന് ആവശ്യമായ പരിഷ്‌കാരങ്ങൾ വരുത്താൻ കഴിയും വിധം സോഴ്സ് കോഡ് സഹിതമാണ് റഷ്യയുടെ വാഗ്‌ദാനം.

യു.എസ് വാഗ്ദാനം ചെയ്ത എഫ്-35നോട് കിടപിടിക്കുന്ന എസ്.യു 57ഇയ്‌ക്ക് അത്യാധുനിക റഡാറുകളുടെ പോലും കണ്ണുവെട്ടിക്കാൻ കഴിയും.സേനയിൽ ഇപ്പോഴുള്ള സുഖോയ്-30 എം.കെ.ഐ പ്ളാറ്റ്ഫോമുമായി സംയോജിപ്പിക്കാനുമാകും.ആസ്ത്ര എം.കെ1,എം.കെ2 മിസൈലുകൾ,രുദ്രം ആന്റി-റേഡിയേഷൻ മിസൈലുകൾ,ആർ-77 മിസൈൽ എന്നിവയും ഘടിപ്പിക്കാം.പുതുതായി വികസിപ്പിച്ച സുഖോയ് 75നായി ഇന്ത്യയുമായി നിർമ്മാണ പങ്കാളിത്തമുണ്ടാക്കാൻ റഷ്യയ്‌ക്ക് താത്പര്യമുണ്ട്.23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്കായി റഷ്യൻ പ്രസിഡന്റ് പുടിൻ ഡിസംബറിൽ ഇന്ത്യ സന്ദർശിക്കുമ്പോൾ ഇതടക്കം സുപ്രധാന പ്രതിരോധ പ്രഖ്യാപനങ്ങൾക്ക് സാദ്ധ്യതയുണ്ട്.