പത്രികാസമർപ്പണത്തിന് ഇന്നവസാനം 'വിമത' പേടിയിൽ മുന്നണികൾ
കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിൽ പത്രികാ സമർപ്പണത്തിനുള്ള അവസാനദിവസമെത്തിതോടെ വിമത സ്ഥാനാർത്ഥി പേടിയിൽ മുന്നണികൾ. ഇടതു മുന്നണിയിൽ താരതമ്യേന തർക്കം കുറവാണെങ്കിലും മറ്റ് ഇരു മുന്നണികളിലും പത്രിക സമർപ്പണം ഇന്ന് അവസാനിക്കാനിരിക്കേ മുഴുവൻ സീറ്റിലും അന്തിമ സ്ഥാനാർത്ഥി പട്ടിക ആയിട്ടില്ല. 'പത്രിക കൊടുത്തോ പിന്നീട് പിൻവലിക്കാമെന്ന ഉറപ്പ്' പല സ്ഥാനാർത്ഥികൾക്കും നൽകിയിട്ടുള്ളത് വിമതർക്ക് വഴിയൊരുക്കിയേക്കുമെന്ന ഭീതിയിലാണ് നേതാക്കൾ.
'എനിക്കു സീറ്റില്ലെങ്കിൽ ഞാൻ റിബലായി മത്സരിക്കുമെന്ന' പലരുടെയും മുന്നറിയിപ്പ് നേതാക്കളുടെ ഉറക്കം കെടുത്തുന്നു. മൂന്നു മുന്നണികളിലും വിമതപ്പേടിയിൽ ആണ്.
കോട്ടയം നഗരസഭയിലേക്കുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് പിറകേ സീറ്റ് ലഭിക്കാത്ത സിറ്റിംഗ് അംഗങ്ങളോട് വിമതസ്ഥാനാർത്ഥിയാകരുതെന്ന അഭ്യർത്ഥന സംസ്ഥാനതല ഉന്നത നേതാക്കളെക്കൊണ്ടു വരെ പറയിച്ചു. ഇന്ന് പത്രിക നൽകുന്നതിനുള്ള അവസാന സമയം കഴിയുമ്പോൾ വിമത പടയെക്കുറിച്ചറിയാമെന്നാണ് ഒരു യു.ഡിഎഫ് ഉന്നത നേതാവ് പറഞ്ഞത്.
യു.ഡിഎഫ് സീറ്റ് വിഭജനത്തിൽ കോൺഗ്രസ് വല്യേട്ടൻ മനോഭാവം കാട്ടിയെന്ന വ്യാപകപരാതിയാണ് ഘടകക്ഷികളായ കേരളാ കോൺഗ്രസ് ജോസഫിനും മുസ്ലീം ലീഗിനുമുള്ളത്. ജില്ലാ പഞ്ചായത്തിൽ ഒരു സീറ്റ് ആവശ്യപ്പെട്ട മുസ്ലീംലീഗിനെ പരിഹസിക്കാനെന്നോണം എസ്.സി എസ്.ടി സംവരണ സീറ്റായ വൈക്കമാണ് അവസാനം നൽകിയത്. ഈവിഭാഗത്തിൽപെട്ട ഒരുസ്ഥാനാർത്ഥിയെ പോലും കണ്ടെത്താനാവാതെ ആദ്യമായി ജില്ലാ പഞ്ചായത്തിൽ കിട്ടിയ സീറ്റ് കോൺഗ്രസിന് തിരിച്ചുകൊടുത്തതിന്റെ അസ്വസ്ഥതയിലാണ് മുസ്ലീം ലീഗ് ജില്ലാ നേതൃത്വം. ജോസഫ് വിഭാഗത്തിനും എസ്.സി വനിതാസംവരണ സീറ്റാണ് നൽകിയത്. അവർക്കും സ്ഥാനാർത്ഥിയെ കണ്ടെത്താനാവാതെ സീറ്റ് കോൺഗ്രസിന് തിരിച്ചുകോടുക്കേണ്ടി വന്നു. ഇതോടെ 23 അംഗ ജില്ലാ പഞ്ചായത്തിൽ കോൺഗ്രസിന്റെ സീറ്റ് 16 ആയി ഉയർന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 14 സീറ്റായിരുന്നു കോൺഗ്രസിന്.
ഇടതു മുന്നണിയിലും കേരളാകോൺഗ്രസ് മാണി ഗ്രൂപ്പിന്റെ മേധാവിത്വം ഇല്ലാതാക്കാൻ ഒരു സീറ്റ് പൊതു സ്വതന്ത്രനാക്കി തങ്ങൾക്കൊപ്പം മാണി ഗ്രൂപ്പിനെയും ഒമ്പതു സീറ്റിൽ പിടിച്ചു നിർത്താൻ സി.പി.എമ്മിനായി. കോൺഗ്രസും സി,പി.എമ്മും ഇതേ തന്ത്രം ബ്ലോക്ക് നഗരസഭാ ഗ്രാമ പഞ്ചായത്തുകളിലും പയറ്റി.
എൻ.ഡിഎയിലും ഇതാദ്യമായി ഘടകകക്ഷിയായ ബി.ഡി.ജെ.എസുമായുള്ള സീറ്റ് തർക്കം പലയിടത്തും അവസാന മണിക്കൂറിലും പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല.