നേപ്പാളിൽ വീണ്ടും ജെൻ-സി സംഘർഷം

Friday 21 November 2025 6:53 AM IST

കാഠ്മണ്ഡു: നേപ്പാളിൽ വീണ്ടും കലാപവുമായി തെരുവിലിറങ്ങി യുവജനങ്ങൾ (ജെൻ-സി). ബുധനാഴ്ച ബാര ജില്ലയിൽ യുവജന സംഘടനകളിൽപ്പെട്ട പ്രക്ഷോഭകരും കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് നേപ്പാൾ-യു.എം.എൽ പ്രവർത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് പുതിയ സംഘർഷങ്ങൾക്ക് വഴിതെളിച്ചിരിക്കുന്നത്.

ബാരയിലെ സിമാര വിമാനത്താവളത്തിലെത്തിയ യു.എം.എൽ നേതാക്കളെ പ്രക്ഷോഭകർ തടയാൻ ശ്രമിക്കുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. സംഘർഷത്തിൽ നിരവധി യുവാക്കൾക്ക് പരിക്കേറ്റു. പ്രക്ഷോഭകർ യു.എം.എൽ പ്രവർത്തകർക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ,​ഇവരെ അറസ്റ്റ് ചെയ്യുന്നില്ലെന്നും കാട്ടി ഇന്നലെ രാവിലെ വിമാനത്താവളത്തിന് സമീപം യുവജന പ്രക്ഷോഭകർ വീണ്ടും ഒത്തുകൂടുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. കല്ലേറിൽ ആറ് പൊലീസുകാർ അടക്കം 10 പേർക്ക് പരിക്കേറ്റു.

പ്രക്ഷോഭകരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. വിമാനത്താവളത്തിന്റെ പ്രവർത്തനം താത്കാലികമായി തടസപ്പെട്ടു. തുടർന്ന് ഉച്ചയോടെ സിമാര അടക്കം ബാരയുടെ വിവിധ ഭാഗങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തി. നിരവധി പേർ അറസ്റ്റിലായി. അതേസമയം,​രാഷ്ട്രീയ പ്രകോപനങ്ങളിൽ നിന്ന് എല്ലാ കക്ഷികളും വിട്ടുനിൽക്കണമെന്ന് നേപ്പാളിലെ ഇടക്കാല പ്രധാനമന്ത്രി സുശീല കാർകി അഭ്യർത്ഥിച്ചു.

തുടരുന്ന അസ്ഥിരത

 സമൂഹ മാദ്ധ്യമ വിലക്കിനെതിരെയും അഴിമതിക്കെതിരെയും കഴിഞ്ഞ സെപ്തംബറിൽ രാജ്യത്ത് ഉടലെടുത്ത യുവജന പ്രക്ഷോഭത്തിന്റെ തുടർച്ചയാണ് ഇപ്പോൾ ആവർത്തിക്കുന്നത്

 സെപ്തംബറിലെ പ്രക്ഷോഭം ഭരണകക്ഷിയായിരുന്ന യു.എം.എല്ലിന്റെ തകർച്ചയ്ക്കും പ്രധാനമന്ത്രി കെ.പി ശർമ്മ ഒലിയുടെ രാജിയ്ക്കും പാർലമെന്റ് പിരിച്ചുവിടുന്നതിനും കാരണമായി

 സുപ്രീം കോടതിയും പ്രധാനമന്ത്രിയുടെ ഓഫീസും അടക്കം തകർക്കപ്പെട്ടു. 75 പേർ കൊല്ലപ്പെട്ടു

 തുടർന്ന് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസായ സുശീല കാർകി ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റു. 2026 മാർച്ച് 5ന് പൊതുതിരഞ്ഞെടുപ്പ് നടത്താമെന്ന് ധാരണ

 ഇടക്കാല സർക്കാരിനെതിരെയും യുവജന പ്രക്ഷോഭകർക്ക് അതൃപ്തി. ഭരണഘടനാ ഭേദഗതികൾ അടക്കം ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സുശീലക്കെതിരെ പ്രക്ഷോഭം തുടങ്ങുമെന്ന് മുന്നറിയിപ്പ്