ട്രംപ് ജൂനിയർ ഇന്ത്യയിൽ താജ് മഹൽ സന്ദർശിച്ചു

Friday 21 November 2025 6:53 AM IST

ന്യൂഡൽഹി: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകനും വ്യവസായിയുമായ ഡൊണാൾഡ് ട്രംപ് ജൂനിയർ ആഗ്രയിൽ താജ്മഹൽ സന്ദർശിച്ചു. ട്രംപ് ജൂനിയറിന് ജില്ലാ അധികാരികൾ വൻ സ്വീകരണമൊരുക്കി. അദ്ദേഹത്തിന്റെ വരവ് പ്രമാണിച്ച് താജ്‌മഹലിന് ചുറ്റും 200 ഓളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. പരിസരത്തെ തെരുവു നായ്‌ക്കളെയും കന്നുകാലികളെയും തുരത്തി. ഒരു രാത്രിക്ക് 11,00,000 രൂപ മുറി വാടകയുള്ള ഒബ്‌റോയ് അമർവിലാസിലെ കോഹിനൂർ സ്യൂട്ടിലാണ് ട്രംപ് ജൂനിയർ തങ്ങിയത്. ഹോട്ടലിലെ മുറിയിൽ നിന്ന് താജ്മഹൽ കാണാം. പ്രസിഡന്റ് ട്രംപും ഭാര്യ മെലാനിയയും 2020ൽ താജ്മഹൽ സന്ദർശിച്ചിരുന്നു. അമേരിക്കൻ കോടീശ്വരൻ രാജു മണ്ടേനയുടെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് ട്രംപ് ജൂനിയർ ഇന്ത്യയിലെത്തിയത്. ഇന്ന് രാജസ്ഥാനിലെ ഉദയ്‌പൂർ ജഗ് മന്ദിർ പാലസിലാണ് വിവാഹം. നവംബർ 24 വരെ ട്രംപ് ജൂനിയർ ഉദയ്‌പൂരിലുണ്ടാകും.