ഗാസയിൽ ഇസ്രയേൽ ആക്രമണം: 5 മരണം
ടെൽ അവീവ്: തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ ഇന്നലെയുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ 5 പേർ കൊല്ലപ്പെട്ടു. 18 പേർക്ക് പരിക്കേറ്റു. ഹമാസ് വെടിനിറുത്തൽ ലംഘിച്ചെന്ന് കാട്ടിയായിരുന്നു ആക്രമണം. ബുധനാഴ്ച 25 പേർ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. തങ്ങളുടെ സൈന്യത്തിന് നേരെ ഹമാസ് വെടിവയ്പ് നടത്തിയെന്നും, ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടെന്നുമാണ് ഇസ്രയേലിന്റെ വിശദീകരണം.
രണ്ട് വർഷം നീണ്ട യുദ്ധത്തിനൊടുവിൽ ഒക്ടോബർ പത്തിനാണ് ഗാസയിൽ വെടിനിറുത്തൽ പ്രാബല്യത്തിൽ വന്നത്. ഗാസയുടെ 53 ശതമാനം ഇപ്പോഴും ഇസ്രയേൽ നിയന്ത്രണത്തിലാണ്. 'യെല്ലോ ലൈൻ" എന്ന നിയന്ത്രണ രേഖ സൃഷ്ടിച്ചാണ് ഇസ്രയേൽ സൈന്യം ഇവിടെ നിലയുറപ്പിച്ചിട്ടുള്ളത്. യെല്ലോ ലൈൻ മറികടക്കുന്ന സാധാരണക്കാരെ ഇസ്രയേൽ ആക്രമിക്കുന്നെന്നാണ് ആരോപണം. വെടിനിറുത്തൽ പ്രാബല്യത്തിൽ വന്നത് മുതൽ 312 പേർ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടെന്ന് ഹമാസ് പറയുന്നു.