കാലാവസ്ഥാ ഉച്ചകോടി വേദിയിൽ വൻ തീപിടിത്തം; പ്രതിനിധികളെ ഒഴിപ്പിച്ചു, എല്ലാവരും സുരക്ഷിതർ

Friday 21 November 2025 7:21 AM IST

ബെലേം: ലോക കാലാവസ്ഥാ ഉച്ചകോടിയിൽ (സിഒപി-30) വൻ തീപിടിത്തം. ബ്രസീലിലെ ബെലേമിലെ കോൺഫറൻസ് സെന്ററിന്റെ പവലിയൻ പ്രദേശത്താണ് തീപിടുത്തമുണ്ടായത്. പ്രതിനിധികളെ ഇവിടെനിന്ന് ഒഴിപ്പിച്ചിട്ടുണ്ട്.

ചുരുങ്ങിയ സമയത്തിനുള്ളിൽത്തന്നെ തീ നിയന്ത്രണവിധേയമാക്കി. പുക ശ്വസിച്ച പതിമൂന്നുപേർക്ക് ചികിത്സ നൽകിയതായി അധികൃതർ അറിയിച്ചു. സംഭവ സമയത്ത് യുഎൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടെറസ് അടക്കം ആയിരത്തിലേറെപ്പേർ സ്ഥലത്തുണ്ടായിരുന്നു.

'പുക ശ്വസിച്ച പതിമൂന്ന് പേർക്ക് അസ്വസ്ഥതയുണ്ടായി. ചികിത്സ നൽകിയിട്ടുണ്ട്. നിലവിൽ നിരീക്ഷണത്തിലാണ്.'- അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ആർക്കും അപകടം സംഭവിച്ചിട്ടില്ലെന്ന് ബ്രസീൽ ടൂറിസം മന്ത്രി സെൽസോ സാബിനോ അറിയിച്ചു.

സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മൈക്രോവേവ് പോലുള്ള ഇലക്ട്രിക്ക് ഉപകരണത്തിൽ നിന്നാകാം തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ പത്താം തീയതിയാണ് കാലാവസ്ഥാ ഉച്ചകോടി ആരംഭിച്ചത്. ഇന്ന് സമാപിക്കും.