ഏഴ് കിലോമീറ്റർ നീളം, 80 മുറികൾ, ആഴം 25 മീറ്റർ; ഹമാസിന്റെ ഏറ്റവും വലിയ തുരംഗം കണ്ടെത്തിയതായി ഇസ്രയേൽ സൈന്യം

Friday 21 November 2025 10:24 AM IST

ടെൽഅവീവ്: ഗാസ മുനമ്പിൽ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം കണ്ടെത്തിയതായി ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്). ഏഴ് കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന തുരംഗമാണ് ഐഡിഎഫ് കണ്ടെത്തിയത്. 25 മീറ്റർ ആഴവും 80 മുറികളും തുരങ്കത്തിനകത്ത് ഉണ്ടെന്ന് ഐഡിഎഫ് അറിയിച്ചു. തുരങ്കത്തിന്റെ വീഡിയോയും ഐഡിഎഫ് അവരുടെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവച്ചിട്ടുണ്ട്.

തിരക്കേറിയ റഫാഹ് പ്രദേശത്തിന് അടിയിലൂടെയും യുഎൻആർഡബ്ല്യുഎയുടെ (പലസ്തീൻ അഭയാർഥികൾക്കായുള്ള യുഎൻ ഏജൻസി) കോമ്പൗണ്ട്, പള്ളികൾ, ക്ലിനിക്കുകൾ, കിന്റർഗാർട്ടനുകൾ എന്നിവയിലൂടെയാണ് തുരങ്കം കടന്നുപോകുന്നത്. 2014 ലെ ഇസ്രയേൽ-ഹമാസ് യുദ്ധകാലത്ത് ഗാസയിൽ വച്ച് കൊല്ലപ്പെട്ട ലെഫ്റ്റനന്റ് ഹാദർ ഗോൾഡിന്റെ മൃതദേഹം അടുത്തിടെ തീവ്രവാദ ഗ്രൂപ്പ് സൂക്ഷിച്ചിരുന്നത് ഈ തുരങ്കത്തിലായിരുന്നു. ഈ മാസം ഒമ്പതിന് ഗോൾഡിന്റെ ഭൗതികാവശിഷ്ടങ്ങൾ ഇസ്രായേലിന് കൈമാറുകയും ചെയ്തിരുന്നു. 2014ൽ ഹമാസും ഇസ്രയേലും നടന്ന യുദ്ധത്തിന്റെ അവസാന നാളുകളിലാണ് ഗോൾഡിൻ കൊല്ലപ്പെട്ടത്.

ആയുധങ്ങൾ സൂക്ഷിക്കാനും ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനുമാണ് ഹമാസ് കമാൻഡർമാർ ഈ തുരങ്കം ഉപയോഗിച്ചിരുന്നത്. എലൈറ്റ് യാഹലോം കോംബാറ്റ് എഞ്ചിനീയറിംഗ് യൂണിറ്റും ഷയെറ്റെറ്റ് 13 നേവൽ കമാൻഡോ യൂണിറ്റും ചേർന്നാണ് തുരങ്കം കണ്ടെത്തിയത്. കൊല്ലപ്പെട്ട ഹമാസ് നേതാവ് മുഹമ്മദ് സിൻവാറിനൊപ്പം മേയിൽ വധിച്ച മുഹമ്മദ് ഷബാന അടക്കമുള്ള മുതിർന്ന ഹമാസ് കമാൻഡർമാരുടെ കമാൻഡ് പോസ്റ്റുകളായി ഉപയോഗിച്ചിരുന്ന മുറികളും സൈന്യം കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, ലെഫ്റ്റനന്റ് ഹാദർ ഗോൾഡിന്റെ മരണം ശരിയാണോ എന്ന് ഉറപ്പിക്കാൻ സഹായിച്ച ഹമാസ് തീവ്രവാദി മർവാൻ അൽ-ഹാംസിനെ അറസ്റ്റ് ചെയ്തതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ഗോൾഡിനെ റഫായിലെ വൈറ്റ്-ക്രൗൺഡ് എന്ന തുരങ്കത്തിൽ എവിടെയാണ് അടക്കം ചെയ്തതെന്നും ഇയാൾക്ക് അറിയാമായിരുന്നിരിക്കാമെന്ന് ഐഡിഎഫ് സംശയിക്കുന്നുണ്ട്.