ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ ദേശീയ കായികതാരത്തിന് നേരെ ലൈംഗികാതിക്രമം; ജീവനക്കാർ പിടിയിൽ
ഇൻഡോർ: ദേശീയ ഷൂട്ടിംഗ് താരമായ യുവതിക്ക് നേരെ ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയ കേസിൽ രണ്ട് ഡ്രൈവർമാർ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. മദ്ധ്യപ്രദേശിലെ ഇൻഡോറിൽ ഈ മാസം 16ന് രാത്രി ഒരു സ്വകാര്യ ബസിനുള്ളിലായിരുന്നു സംഭവം.
പ്രതികളായ അരവിന്ദ് വെർമ (35), പരമേന്ദ്ര ഗൗതം (52), ഡ്രൈവറുടെ സഹായി ദാപക് മാളവ്യ (27) എന്നിവർ സംഭവസമയം മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ദേശീയ ഷൂട്ടിംഗ് മത്സരത്തിൽ പങ്കെടുത്ത ശേഷം ഭോപ്പാലിൽ നിന്ന് ബസ് മാർഗം വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. ബസിലിരുന്ന യുവതിയുടെ അടുത്തേക്ക് ഇവർ എത്തി സ്‌പർശിക്കാൻ ശ്രമിച്ചു. പലതവണ എതിർത്തെങ്കിലും യുവതിയെ ഇവർ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.
തുടർന്ന് രാത്രി പതിവ് പട്രോളിംഗ് നടത്തിയ പൊലീസ് സംഘം ബസ് നിർത്തി പരിശോധിച്ചപ്പോഴാണ് യുവതി ഇക്കാര്യം പൊലീസിനെ അറിയിച്ചത്. തുടർന്ന് പ്രതികൾ ബസിൽ നിന്നിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. ശേഷം, പൊലീസ് ഇടപെട്ടാണ് യുവതിയെയും മറ്റ് യാത്രക്കാരെയും ലക്ഷ്യസ്ഥാനത്തേക്ക് എത്തിച്ചത്.
ഐസിസി വനിതാ ഏകദിന ലോകകപ്പ് മത്സരങ്ങൾക്കായി ഇൻഡോറിലെത്തിയ രണ്ട് ഓസ്‌ട്രേലിയൻ വനിതാ ക്രിക്കറ്റ് താരങ്ങളെ അഖീൽ എന്നയാൾ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി ഉയർന്ന് ഒരു മാസം പിന്നിടുന്നതിന് മുമ്പാണ് മറ്റൊരു കായിക താരത്തിന് നേരം ലൈംഗികാതിക്രമം നടക്കുന്നത്.