ഏതാഗ്രഹവും പറഞ്ഞാൽ സാധിച്ചുതരും, അഞ്ച് നൂറ്റാണ്ടോളമായി മുടങ്ങാതെ കത്തിനിൽക്കുന്ന ഈ വിളക്കിൽ തൊട്ടാൽമതിയെന്ന് വിശ്വാസം
അഞ്ച് നൂറ്റാണ്ടോളമായി ഭഗവാന് മുന്നിലെ വലിയ ബലിക്കൽ പുരയിൽ കത്തിനിൽക്കുന്ന വിളക്ക്. കോട്ടയം ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലാണ് ഈ മഹാത്ഭുതമുള്ളത്. ഏതാണ്ട് 480 വർഷം മുൻപ് കൊല്ലവർഷം 720ലാണ് ക്ഷേത്രത്തിൽ ഈ വിളക്ക് സ്ഥാപിക്കപ്പെട്ടത് എന്നാണ് കഥ.
ഒരിക്കൽ ഒരു മൂശാരി വലിയൊരു തൂക്കുവിളക്ക് കൊണ്ടുവന്നു. അമ്പലത്തിലേക്ക് ഇതെടുത്ത് പകരം പണം വല്ലതും തരണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ക്ഷേത്രത്തിലുള്ളവർ അത് വെള്ളമൊഴിച്ച് കത്തിക്കാനാകില്ലല്ലോ എന്നും എണ്ണയൊഴിക്കാൻ പണം വേണമെന്നും സൂചിപ്പിച്ചു. ഇതോടെ മൂശാരി ഈ തൂക്കുവിളത്ത് ക്ഷേത്രത്തിൽ തൂക്കിയാൽ ആരെങ്കിലുമെത്തി കത്തിച്ചുകൊള്ളും എന്ന് പറഞ്ഞു. അന്ന് സ്ഥാപിച്ചശേഷം ഇപ്പോഴും ഭക്തരെത്തി വിളക്ക് കത്തിക്കുന്നുണ്ട്.
വലിയ വിളക്ക് എന്നാണ് ഈ തൂക്കുവിളക്കിന് പേര്. ബാധോപദ്രവമുള്ളവർ ഇതിനെ പിടിച്ച് തുള്ളിയുറഞ്ഞ് സത്യംചെയ്‌താൽ ബാധ ഒഴിയുമെന്നാണ് വിശ്വാസം. വലിയ വിളക്കിൽ എണ്ണ ഒഴിച്ച ശേഷം ഈ ദീപത്തെ സാക്ഷിയായി നൊന്തുവിളിച്ചാൽ രൗദ്ര മൂർത്തിയായ ഏറ്റുമാനൂരപ്പൻ ഏതാഗ്രഹവും സാധിച്ചുതരുമെന്നാണ് വിശ്വാസം. നൂറ്റാണ്ടുകളായി കത്തുന്ന വിളക്കിന്റെ മൂടിയിൽ പിടിച്ചിരിക്കുന്ന കരിയെടുത്ത് കണ്ണെഴുതിയാൽ നേത്രരോഗം മാറുമെന്ന് കരുതുന്നു. 12 ദിവസം തുടർച്ചയായി നിർമാല്യ ദർശനം നടത്തിയാൽ അഭീഷ്‌ട കാര്യങ്ങൾ നടക്കുമെന്നും പറയപ്പെടുന്നു.