ഇന്ത്യയിൽ നിരീശ്വരവാദിയാകുന്നത് കുറ്റമല്ല; വിവാദ പ്രസ്താവനയിൽ രാജമൗലിയെ പിന്തുണച്ച് രാംഗോപാൽ വർമ്മ
സംവിധായകൻ എസ്എസ് രാജമൗലിയുടെ പുതിയ ചിത്രമായ 'വാരണാസിയുടെ ടൈറ്റിൽ ലോഞ്ചിനിടെ നടത്തിയ പരാമർശം വൻ വിവാദത്തിലേക്ക്. ഹനുമാൻ സ്വാമിയെക്കുറിച്ച് നടത്തിയ പ്രസ്താവന മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് സോഷ്യൽ മീഡിയയിൽ അടക്കം രൂക്ഷവിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. സംവിധായകനെതിരെ ഹിന്ദു സംഘടനകൾ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ വിവാദം ശക്തമായപ്പോൾ രാജമൗലിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ രാം ഗോപാൽ വർമ്മ. നിരീശ്വരവാദി ആകുന്നതിൽ തെറ്റില്ലെന്നും, രാജമൗലിയുടെ വിജയത്തിൽ അസൂയയുള്ളവരാണ് വിമർശകർ എന്നും അദ്ദേഹം എക്സിൽകുറിച്ചു.
സിനിമയുടെ ടൈറ്റിൽ ലോഞ്ചിനിടെ സാങ്കേതിക തകരാർ സംഭവിച്ചിരുന്നു. ഇതിനിടെയായിരുന്നു രാജമൗലി തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്. 'എനിക്ക് ദൈവത്തിൽ വിശ്വാസമില്ല. എന്റെ അച്ഛനെ ഹനുമാൻ സഹായിക്കുമെന്ന് പറഞ്ഞിരുന്നു. ഇങ്ങനെയാണോ അദ്ദേഹം എല്ലാം നോക്കുന്നത്? അതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ എനിക്ക് ദേഷ്യം വരുന്നു'. സംവിധായകന്റെ ഈ വാക്കുകളാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്.
അതേസമയം വിമർശനങ്ങളോട് പ്രതികരിച്ച രാം ഗോപാൽ വർമ്മ പങ്കുവച്ച കുറിപ്പിൽ ഭരണഘടനാപരമായ അവകാശങ്ങളെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. രാജമൗലിക്കെതിരെ വിഷം തുപ്പുന്നവർ അറിയണം, ഇന്ത്യയിൽ നിരീശ്വരവാദിയായിരിക്കുന്നത് കുറ്റമല്ല. വിശ്വസിക്കാതിരിക്കാനുള്ള അവകാശം ഇന്ത്യൻ ഭരണഘടനയിലുണ്ടെന്നും രാം ഗോപാൽ വർമ്മ പറയുന്നു.
'ദൈവത്തിൽ വിശ്വസിക്കുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് സിനിമയിൽ ദൈവത്തെ കാണിക്കുന്നത് എന്ന യുക്തി വച്ച് നോക്കിയാൽ ഒരു ഗ്യാങ്സ്റ്റർ സിനിമയെടുക്കാൻ സംവിധായകൻ ഗ്യാങ്സ്റ്ററാകേണ്ടി വരുമോ, അതോ ഹൊറർ സിനിമയെടുക്കാൻ ഭൂതമാകേണ്ടി വരുമോ?' രാം ഗോപാൽ വർമ്മ ചോദിക്കുന്നു.
'രാജമൗലിയുടെ നിരീശ്വരവാദമല്ല യഥാർത്ഥ പ്രശ്നം. ഭ്രാന്തമായി പ്രാർത്ഥിച്ചിട്ടും പരാജയപ്പെട്ടവരെ ഭയപ്പെടുത്തുന്നത്, അദ്ദേഹം ദൈവത്തിൽ വിശ്വസിക്കാതെ വിജയിച്ചു എന്നതാണ്.
സത്യം പറഞ്ഞാൽ, രാജമൗലി നിരീശ്വരവാദി ആയതുകൊണ്ട് ദൈവത്തിന് ഒരു കുറവും സംഭവിക്കുന്നില്ല. വിശ്വാസം തകരുമെന്ന് കരുതുന്നവരുടെ അരക്ഷിതാവസ്ഥയാണ് ഇത് വർദ്ധിപ്പിക്കുന്നത്. അടിസ്ഥാനപരമായി, ഇത് അദ്ദേഹത്തോടുള്ള വെറും അസൂയയാണ്. രാജമൗലിക്കും ദൈവത്തിനും കുഴപ്പമില്ല. അവർ ആരെയും മനസിലാക്കാൻ കഴിയാത്ത ആളുകളാണ് കഷ്ടപ്പെടുന്നത്' എന്ന് കൂട്ടിച്ചേർത്തുകൊണ്ടായിരുന്നു ആർജിവി കുറിപ്പ് അവസാനിപ്പിച്ചത്.