ജനാധിപത്യത്തിന്റെ ഉത്സവമില്ലാതെ ....
കേരളം തദ്ദേശ തിരഞ്ഞെടുപ്പ് ഉത്സവ ലഹരിയിൽ ആഴ്ന്നിറങ്ങുമ്പോൾ, ജനാധിപത്യ ഉത്സവത്തിന്റെ ആഘോഷങ്ങളിൽ നിന്ന് മാറിനിൽക്കേണ്ടി വരുന്ന അപൂർവ പ്രദേശങ്ങളുണ്ട് കണ്ണൂർ ജില്ലയിൽ. മട്ടന്നൂർ നഗരസഭ, മാഹി, കണ്ണൂർ കന്റോൺമെന്റ് എന്നീ മൂന്നു പ്രദേശങ്ങളാണ് ഈ സമയത്ത് നിശബ്ദമായി നിൽക്കുന്നത്. ഓരോന്നിനും പിന്നിൽ വ്യത്യസ്തമായ ചരിത്രങ്ങളും നിയമപ്രശ്നങ്ങളും രാഷ്ട്രീയ സങ്കീർണതകളുമുണ്ട്.
മാഹി: രണ്ടു പതിറ്റാണ്ടായി തദ്ദേശ തിരഞ്ഞെടുപ്പില്ല
കണ്ണൂരുമായി അതിർത്തി പങ്കിടുന്ന ഒമ്പത് ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണമുള്ള പ്രദേശമാണ് മാഹി. നാല്പത്തിരണ്ടായിരം ജനങ്ങൾ കഴിയുന്ന ഈ ചെറിയ പ്രദേശത്ത് 19 വർഷമായി നഗരസഭാ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. സ്വതന്ത്ര ഭാരതത്തിൽ മൂന്നേ മൂന്ന് തദ്ദേശ തിരഞ്ഞെടുപ്പുകൾ മാത്രം കണ്ട അപൂർവ പ്രദേശമാണിത്. കുറഞ്ഞത് 200 വർഷത്തിലേറെ പ്രായമായ നഗരസഭയാണ് മാഹിയിലേത്. 1791 മുതൽ തന്നെ മേയർ ഉണ്ടായിരുന്നുവെന്നും ദാനിയേൽ ബോയ്യേ ആയിരുന്നു അന്നത്തെ മാഹി മേയറെന്നും ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ ഫ്രഞ്ച് ഡിക്രി പ്രകാരം മാഹിയിൽ ഔദ്യോഗികമായി മുനിസിപ്പാലിറ്റിയും മേയർ പദവിയും നിലവിൽ വന്നത് 1881 മാർച്ച് 12നാണ്. 1954 ജൂലായ് 16ന് ഫ്രഞ്ച് ഭരണത്തിൽ നിന്ന് മാഹി മോചനം നേടിയിട്ടും, ഫ്രഞ്ച് ഡിക്രി പ്രകാരമുള്ള ഭരണം 1974 വരെ തുടർന്നു. ഫ്രഞ്ച് ഭരണകാലത്ത് മേയർമാരായിരുന്നു നഗരസഭയിലെ ഭരണത്തലവൻ. മേയറും ഡെപ്യൂട്ടി മേയറും കൗൺസിലർമാരുമടങ്ങിയ ആ ഭരണസംവിധാനം അനുഭവിച്ചറിഞ്ഞ ഏറെപ്പേർ ഇന്ന് മാഹിയിലില്ല. 1973ലെ പോണ്ടിച്ചേരി മുനിസിപ്പാലിറ്റീസ് ആക്ട് 1974 ജനുവരി 26ന് നിലവിൽ വന്നതോടെയാണ് 'മെറി"യും മേയറും പോയി മുനിസിപ്പാലിറ്റിയും ചെയർമാനും വരുന്നത്. 1976ലാണ് മാഹിയിലെ മേയർ ഭരണത്തിന് അവസാനം വന്നത്. എന്നാൽ മുനിസിപ്പൽ ചെയർമാൻമാരെയും മാഹി ഏറെ കണ്ടിട്ടില്ല. തിരഞ്ഞെടുക്കപ്പെട്ട മുനിസിപ്പൽ കൗൺസിലുകൾ 1978-ൽ ഇല്ലാതായി. പകരം ഭരണം കമ്മീഷണർമാരെ ഏൽപ്പിച്ചു.
38 വർഷത്തെ കാത്തിരിപ്പിനൊടുവിൽ
1968ന് ശേഷം മാഹിയിൽ തിരഞ്ഞെടുപ്പ് നടന്നില്ലെന്ന് കാട്ടി അഭിഭാഷകൻ ടി. അശോക് കുമാർ ചെന്നൈ ഹൈക്കോടതിയിൽ ഫയൽ ചെയ്ത പൊതുതാത്പര്യ ഹർജിയുടെ അടിസ്ഥാനത്തിലാണ് 2006ൽ തിരഞ്ഞെടുപ്പ് നടന്നത്. മുപ്പതുവർഷത്തോളം കാത്തിരുന്നാണ് 2006ൽ മാഹിയിൽ ജനാധിപത്യരീതിയിൽ തിരഞ്ഞെടുപ്പ് നടന്ന് മുനിസിപ്പൽ കൗൺസിൽ നിലവിൽ വന്നത്. 15 കൗൺസിൽ വാർഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനായിരുന്നു വിജയം. പ്രസിഡൻഷ്യൽ രീതിയിൽ മുനിസിപ്പൽ ചെയർമാനെ നേരിട്ട് തിരഞ്ഞെടുക്കുന്ന രീതിയായിരുന്നു അന്നും നിലവിലുണ്ടായിരുന്നത്. മാഹിക്കാർ രണ്ട് വോട്ട് ചെയ്തു വാർഡ് കൗൺസിലറെയും മുനിസിപ്പൽ ചെയർമാനെയും തിരഞ്ഞെടുക്കാൻ.അഞ്ച് വർഷ കാലാവധി 2011ൽ പൂർത്തിയാക്കിയ ആ കൗൺസിലിനു പിന്നാലെ വീണ്ടും മാഹി നഗരഭരണത്തിലെ സംവിധാനം നിലച്ചു. പിന്നീട് പല ഘട്ടങ്ങളിലായി 'ഇതാ നഗരസഭാ തെരഞ്ഞെടുപ്പ് വരുന്നു" എന്ന് മാഹിക്കാർ കേട്ടിരുന്നു. ഏറ്റവുമൊടുവിൽ ഈ വിവരം കേട്ടത് 2021ലായിരുന്നു. അന്ന് വകുപ്പ് സെക്രട്ടറി തന്നെയാണ് ഇലക്ഷൻ തീയതികളടക്കം പ്രഖ്യാപിച്ചത്. എന്നാൽ പ്രത്യേകിച്ച് ഒന്നും നടന്നില്ല.
കോർപ്പറേഷനകത്തെ വ്യത്യസ്ത നഗരസഭ
കണ്ണൂർ കോർപ്പറേഷന്റെ ഹൃദയഭാഗത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ പങ്കാളിത്തമില്ലാത്ത അയ്യായിരത്തോളം പേർ കഴിയുന്നുണ്ട്. വോട്ടവകാശമില്ലാത്ത പൗരന്മാരല്ല ഇവർ. പക്ഷേ, കേരള തദ്ദേശതിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനുള്ള അവകാശം ഇല്ലെന്നുമാത്രം. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള രാജ്യത്തെ കന്റോൺമെന്റുകളിലൊന്നാണ് കണ്ണൂരിലേത്. 1938ലാണ് കണ്ണൂർ കന്റോൺമെന്റ് രൂപീകരിക്കുന്നത്. സ്വാതന്ത്ര്യാനന്തരം ഇത് സൈന്യത്തിന്റെ അധീനതയിലാവുകയായിരുന്നു. കേരളത്തിലെ ഏക കന്റോൺമെന്റ് എന്ന പ്രത്യേകതയും കണ്ണൂരിനുണ്ട്. കണ്ണൂർ മിലിട്ടറി താവളം ഉൾപ്പെടെ ഏകദേശം 449.44 ഏക്കർ സ്ഥലമാണ് ഈ ചെറിയ നഗരത്തിന്റെ അധീനതയിലുള്ളത്. 2006ലെ കന്റോൺമെന്റ് ആക്ട്ടിനെ പിൻപറ്റി കന്റോൺമെന്റ് പ്രദേശങ്ങൾക്ക് നഗരസഭകളുടേതിന് തുല്യമായ പരിഗണനയാണ് നൽകുന്നത്. 2500നും പതിനായിരത്തിനുമിടയിൽ ജനങ്ങളുള്ള മേഖലയെന്ന നിലയിൽ ടൈപ്പ് ത്രീ കന്റോൺമെന്റാണ് കണ്ണൂരിലേത്.
നിലവിൽ 4,798 പേരാണ് ഇവിടെ താമസക്കാരായുള്ളത്. ഇതിൽ സൈനികരൊഴിച്ച് 1,867 പേർ സാധാരണ പൗരന്മാരാണ്. ആറ് ഇലക്ടറൽ വാർഡുകളാണ് നിലവിലുള്ളത്. ഇവിടെനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളും പട്ടാള ഉദ്യോഗസ്ഥരും ചേർന്നതാണ് ബോർഡ്. അഞ്ച് വർഷത്തിലൊരിക്കൽ പ്രത്യേക തിരഞ്ഞെടുപ്പ് നടത്തി കന്റോൺമെന്റ് ബോർഡിലേക്കുള്ള ജനപ്രതിനിധികളെ തിരഞ്ഞെടുക്കും. ഇതിനു പുറമേ പ്രതിരോധ വകുപ്പിന്റെ ഭാഗത്തുനിന്ന് നോമിനേറ്റ് ചെയ്യപ്പെടുന്ന എക്സ് ഒഫീഷ്യോ അംഗങ്ങളും ബോർഡിലുണ്ടാവും. പക്ഷേ ബോർഡിന്റെ പ്രസിഡന്റ് എപ്പോഴും സ്റ്റേഷൻ കമാൻഡർ ആയിരിക്കും. കന്റോൺമെന്റിൽ വോട്ടവകാശമുള്ളവർക്ക് കോർപ്പറേഷനിൽ വോട്ട് ചെയ്യാനോ സ്ഥാനാർത്ഥിയാവാനോ കഴിയുകയുമില്ല. അവസാനമായി 2015ലാണ് കന്റോൺമെന്റിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. 2020ൽ കാലാവധി പൂർത്തിയാക്കിയ ബോർഡിന് ഒരു വർഷം കൂടി കാലാവധി നീട്ടി നൽകിയിരുന്നു. 2023ൽ തിരഞ്ഞെടുപ്പ് നടത്താൻ കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നെങ്കിലും പിന്നീട് പ്രക്രിയകൾ നിറുത്തിവയ്ക്കുകയായിരുന്നു. രാഷ്ട്രീയകക്ഷി അടിസ്ഥാനത്തിൽ നടന്ന ബോർഡ് തിരഞ്ഞെടുപ്പിൽ കഴിഞ്ഞ ടേമിൽ തിരഞ്ഞെടുക്കപ്പെട്ട ആറ് ബോർഡ് അംഗങ്ങളിൽ അഞ്ച് പേർ കോൺഗ്രസ് അംഗങ്ങളും ഒരാൾ സി.പി.എം അംഗവുമായിരുന്നു.
മട്ടന്നൂരിൽ 2027ൽ തിരഞ്ഞെടുപ്പ്
1990 മുതൽ വർഷങ്ങളോളം നീണ്ടുനിന്ന നിയമപ്രശ്നമാണ് മട്ടന്നൂരിനെ മറ്റു തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് വേറിട്ടുനിറുത്തുന്നത്. 1962ൽ പഴശ്ശി, പൊറോറ, കോളാരി പഞ്ചായത്തുകളെ സംയോജിപ്പിച്ചാണ് മട്ടന്നൂർ പഞ്ചായത്ത് രൂപീകരിച്ചത്. സംസ്ഥാനത്തെ ഇടത്തരം പഞ്ചായത്തുകളെ നഗരസഭയായി ഉയർത്തുന്നതിന്റെ ഭാഗമായി 1990 ഏപ്രിൽ ഒന്നിന് ഇ.കെ. നായനാർ നേതൃത്വം നൽകിയ ഇടതുപക്ഷ സർക്കാർ മട്ടന്നൂരിനെ നഗരസഭയാക്കി ഉയർത്തി. എന്നാൽ, 1991ൽ അധികാരത്തിൽ വന്ന കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ മുൻ സർക്കാരിന്റെ തീരുമാനം റദ്ദാക്കി മട്ടന്നൂരിനെ വീണ്ടും ഗ്രാമപഞ്ചായത്താക്കി തരംതാഴ്ത്തി. ഈ തീരുമാനം മട്ടന്നൂരിനെ ഭരണസ്തംഭനത്തിലേക്ക് നയിച്ചു. പഞ്ചായത്ത് പ്രസിഡന്റായിരുന്ന എൻ. മുകുന്ദന്റെ നേതൃത്വത്തിലുള്ള മുനിസിപ്പൽ സംരക്ഷണസമിതി ഈ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. രാഷ്ട്രീയതർക്കവും നിയമപോരാട്ടവും ഉണ്ടായ ആ ചരിത്രത്തിന് പിന്നാലെയാണ് മട്ടന്നൂർ ഇന്നത്തെ നിലയിലെത്തുന്നത്. 1996 വരെ പഞ്ചായത്തും നഗരസഭയുമല്ലാത്ത വിധം മട്ടന്നൂർ അനിശ്ചിതത്വത്തിൽ തുടർന്നു. കോടതി വ്യവഹാരങ്ങൾ വർഷങ്ങളോളം നീണ്ടുപോയി. 1996ൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതോടെ മട്ടന്നൂരിനെ മുൻകാല പ്രാബല്യത്തോടെ വീണ്ടും നഗരസഭയായി ഉയർത്തുകയായിരുന്നു. 1990ൽ നഗരസഭയാക്കിയെങ്കിലും 1997ൽ മാത്രമാണ് മട്ടന്നൂർ നഗരസഭയിലേക്ക് ആദ്യ തിരഞ്ഞെടുപ്പ് നടന്നത്. ഏഴുവർഷത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു ജനങ്ങൾക്ക് വോട്ടവകാശം ലഭിച്ചത്. മറ്റിടങ്ങളിലെല്ലാം 1995ൽ തദ്ദേശതെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ നിയമക്കുരുക്കിൽപ്പെട്ട മട്ടന്നൂരിൽ 97ലാണ് തിരഞ്ഞെടുപ്പ് നടത്താനായത്. അഞ്ച് വർഷമാണ് ഒരു ഭരണസമിതിയുടെ കാലാവധി. 2022ലാണ് മട്ടന്നൂരിൽ അവസാനമായി തിരഞ്ഞെടുപ്പ് നടന്നത്. അതിനാൽ 2027 സെപ്തംബർ വരെ ഭരണസമിതിക്ക് കാലാവധിയുണ്ട്. കാലാവധി അടിസ്ഥാനമാക്കി തെരഞ്ഞെടുപ്പ് നടത്തുമ്പോൾ മറ്റു തദ്ദേശസ്ഥാപനങ്ങൾക്കൊപ്പം മട്ടന്നൂരിൽ തെരഞ്ഞെടുപ്പ് നടത്താൻ സാധിക്കില്ല എന്നതാണ് യാഥാർത്ഥ്യം. നാടെങ്ങും തിരഞ്ഞെടുപ്പ് ആവേശത്തിലമരുമ്പോൾ മട്ടന്നൂർ ശാന്തമായിരിയ്ക്കും. ആ സമയം മട്ടന്നൂരിലെ നേതാക്കളും പ്രവർത്തകരും അടുത്തുള്ള തദ്ദേശസ്ഥാപനങ്ങളിൽ പ്രവർത്തനത്തിനിറങ്ങും. 2027 ആകുമ്പോൾ ശ്രദ്ധമുഴുവൻ മട്ടന്നൂരിലേക്ക് കേന്ദ്രീകരിക്കും.