നീറിപ്പുകഞ്ഞ് മലപ്പുറത്തെ യു.ഡി.എഫ്
തദ്ദേശ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി ചിത്രം വ്യക്തമായിട്ടും മലപ്പുറം ജില്ലയിൽ യു.ഡി.എഫിൽ പ്രശ്നങ്ങൾ നീറിപ്പുകയുകയാണ്. സീറ്റ് വിഭജനത്തെ ചൊല്ലി മുസ്ലിം ലീഗും കോൺഗ്രസും പലയിടങ്ങളിലും പരസ്യ പോരിലാണ്. തെക്കൻ ജില്ലകളിൽ മുസ്ലിം ലീഗിന് സീറ്റ് നിഷേധിച്ചുള്ള കോൺഗ്രസിന്റെ നീക്കത്തിന് മലബാറിൽ കണക്കുതീർക്കുകയാണ് മുസ്ലിം ലീഗ്. സീറ്റുകളുടെ എണ്ണത്തിൽ അർഹമായ പ്രാധിനിത്യം നൽകുന്നില്ലെന്ന വാദമുയർത്തി ചില തദ്ദേശ സ്ഥാപനങ്ങളിൽ മുന്നണി ബന്ധം തന്നെ കോൺഗ്രസ് വിച്ഛേദിച്ചിട്ടുണ്ട്. ഇതിൽ തന്നെ രാഷ്ട്രീയ വൈരികളായ സി.പി.എമ്മുമായി കൂടിച്ചേർന്ന് മത്സരിക്കുന്ന വാർഡുകൾ പോലുമുണ്ട്. ഈ അത്യപൂർവ്വ കൂട്ടുകെട്ട് പൊന്മുണ്ടം പഞ്ചായത്തിലെ മുഴുവൻ സീറ്റുകളിലും പരീക്ഷിക്കുന്ന വിചിത്ര കാഴ്ചയ്ക്കും തദ്ദേശ തിരഞ്ഞെടുപ്പ് സാക്ഷിയാവുന്നുണ്ട്. സംസ്ഥാനത്ത് യു.ഡി.എഫ് മുന്നണിയെ നയിക്കുന്നത് കോൺഗ്രസെങ്കിൽ മലപ്പുറത്ത് എത്തിയാൽ വല്യേട്ടൻ മുസ്ലിം ലീഗായി മാറുന്നുണ്ട്. ഇത് അംഗീകരിക്കാൻ ജില്ലയിലെ കോൺഗ്രസ് നേതൃത്വം തയ്യാറല്ല.
ലീഗ് അമർഷത്തിൽ
ജില്ലയിലെ യു.ഡി.എഫിലെ പടലപ്പിണക്കങ്ങളും തർക്കങ്ങളും തീർക്കുന്നതിന് കോൺഗ്രസ് നേതൃത്വം ഫലപ്രദമായി ഇടപെടുന്നില്ലെന്ന വികാരമാണ് മുസ്ലിം ലീഗിന്. സാമ്പാർ, ജനകീയ മുന്നണികളുടെ പേരിൽ കഴിഞ്ഞ തവണ നഷ്ടപ്പെട്ട സീറ്റുകൾ തിരിച്ചുപിടിക്കാൻ ലക്ഷ്യമിടുന്ന മുസ്ലിം ലീഗിന് ചില തദ്ദേശ സ്ഥാപനങ്ങളിൽ കോൺഗ്രസുമായുള്ള പ്രശ്നങ്ങളാണ് വിലങ്ങാവുന്നത്. പൊന്മുണ്ടത്ത് മുസ്ലിം ലീഗ് പഞ്ചായത്ത് ഭരണ സമിതിക്കെതിരെ ഡി.സി.സി ജനറൽ സെക്രട്ടറിയുടെയും ബ്ലോക്ക് ഭാരവാഹികളുടെയും നേതൃത്വത്തിൽ കോൺഗ്രസ് പദയാത്ര സംഘടിപ്പിച്ചതിൽ നടപടി എടുക്കണമെന്ന ലീഗിന്റെ ആവശ്യം കോൺഗ്രസ് ഇതുവരെ പരിഗണിച്ചിട്ടില്ല. ലീഗിന്റേത് ദുർഭരണം ആണെന്നാരോപിച്ച് നവപൊന്മുണ്ടം നിർമ്മിതി യാത്രയെന്ന പേരിലാണ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പദയാത്ര സംഘടിപ്പിച്ചത്. കോൺഗ്രസ് ലീഗ് തർക്കം പരിഹരിക്കാനുള്ള നേതൃതല ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് കോൺഗ്രസിന്റെ പദയാത്ര. യാത്രയിൽ നൂറോളം കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് മുൻനിറുത്തി ലീഗിനെതിരെ പ്രാദേശികമായി പ്രതിഷേധം കടുപ്പിക്കാനാണ് പൊന്മുണ്ടം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ തീരുമാനം. മുന്നണിയില്ലാതെ മത്സരിച്ച കഴിഞ്ഞ തവണ മുസ്ലിം ലീഗിന് 12 ഉം കോൺഗ്രസിന് നാലും അംഗങ്ങളാണുള്ളത്.
പൊന്മുണ്ടം പഞ്ചായത്തിൽ സി.പി.എമ്മുമായി സഖ്യം ചേരാനുള്ള നീക്കത്തിലെ കടുത്ത അതൃപ്തി ലീഗ് സംസ്ഥാന നേതൃത്വം കോൺഗ്രസിനെ അറിയിച്ചിട്ടുണ്ട്. പൊന്മുണ്ടത്തെ പ്രശ്നം ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ലീഗ് നേതൃത്വം, കോൺഗ്രസ് സി.പി.എമ്മുമായി സഹകരിക്കുന്നത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും അറിയിച്ചിട്ടുണ്ട്.
അർഹതപ്പെട്ട സീറ്റുകൾ പോലും മുസ്ലിം ലീഗ് അനുവദിക്കുന്നില്ല എന്നാണ് പൊന്മുണ്ടത്തെ കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. മുന്നണി മര്യാദ ലംഘിക്കുന്ന മുസ്ലിം ലീഗ് നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. അതേസമയം സ്വന്തം ശക്തി തിരിച്ചറിഞ്ഞു വേണം കോൺഗ്രസ് സീറ്റുകളുടെ എണ്ണം ആവശ്യപ്പെടാൻ എന്നാണ് ലീഗ് നേതാക്കളുടെ വാദം. പ്രശ്നം പൊട്ടിത്തെറിയിലേക്ക് നയിച്ചതോടെ മുസ്ലിം ലീഗിനെതിരെ സ്ഥാനാർത്ഥികളെ നിറുത്തിയ നിലപാടുമായി മുന്നോട്ടുപോവുകയാണ് കോൺഗ്രസ്.
വെൽഫെയറുമായി പരസ്യബന്ധം വെൽഫെയർ പാർട്ടിയുമായി പരസ്യ കൂട്ടുകെട്ടുമായി മുസ്ലിം ലീഗ് മുന്നോട്ടുപോവുന്നുണ്ട്. മലപ്പുറം നഗരസഭയിൽ അടക്കം ലീഗിന്റെ സീറ്റ് വിട്ടുകൊടുത്ത് ബന്ധം ശക്തമാക്കിയിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ നയങ്ങൾ അംഗീകരിക്കുന്ന ആരുമായും സഹകരിക്കുമെന്നാണ് മുസ്ലിം ലീഗിന്റെ പ്രഖ്യാപനം. അതേസമയം വെൽഫെയറുമായി പരസ്യ ബന്ധം വേണ്ടെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം.
അൻവറുമായി സഹകരിച്ച് ലീഗ്
തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് പി.വി. അൻവറിനെ യു.ഡി.എഫുമായി സഹകരിപ്പിക്കണമെന്ന ആവശ്യം ആവർത്തിക്കുകയാണ് മുസ്ലിം ലീഗ്. ഇക്കാര്യം കോൺഗ്രസ് പരിഗണിക്കുന്നത് നീളുന്നതിൽ ലീഗിന് അതൃപ്തിയുണ്ട്. പി.വി. അൻവറിന്റെ തൃണമൂൽ കോൺഗ്രസുമായി സഹകരിച്ചാൽ മലയോര മേഖലകളിലെ സി.പി.എം വാർഡുകൾ പലതും പിടിച്ചെടുക്കാനാവുമെന്നും യു.ഡി.എഫ് വാർഡുകളെ സുരക്ഷിതമാക്കാൻ സാധിക്കുമെന്നുമാണ് ലീഗിന്റെ വിലയിരുത്തൽ. അൻവറിന് സ്വാധീനമുള്ള മേഖലകളിൽ സഹകരിച്ച് മത്സരിക്കാൻ മുസ്ലിം ലീഗ് ജില്ലാ നേതൃത്വം പ്രാദേശിക ഘടകങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്.
കെ.പി.സി.സി, യു.ഡി.എഫ് നേതൃത്വങ്ങളുമായി തൃണമൂൽ നേതാക്കൾ നടത്തിയ ചർച്ചയിൽ മുന്നണി പ്രവേശനത്തിൽ തീരുമാനമായിട്ടില്ല. അൻവറിനെ സഹകരിപ്പിക്കുന്നതിൽ മലപ്പുറം ജില്ലാ യു.ഡി.എഫ് കമ്മിറ്റിയോട് അഭിപ്രായം തേടാൻ തീരുമാനിക്കുകയായിരുന്നു. ലീഗ് അനുകൂലമായി പ്രതികരിച്ചപ്പോൾ ജില്ലയിലെ കോൺഗ്രസ് നേതൃത്വം മനസ്സുതുറന്നിട്ടില്ല. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ തനിക്കെതിരെ മത്സരിച്ച അൻവറിനെ മുന്നണിയിലെടുക്കുന്നതിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി കൂടിയായ ആര്യാടൻ ഷൗക്കത്തിന് താത്പര്യമില്ല. തിരഞ്ഞെടുപ്പ് സമയത്ത് ആര്യാടൻ ഷൗക്കത്തിനെതിരെ അതിർവരമ്പുകൾ ലംഘിച്ചുള്ള അവഹേളനമടക്കം അൻവറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെന്നാണ് ഷൗക്കത്ത് അനുകൂലികൾ ചൂണ്ടികാട്ടുന്നത്. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റും വണ്ടൂർ എം.എൽ.എയുമായ എ.പി. അനിൽകുമാറിനും പൂർണ്ണ മനസ്സില്ല.
അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിൽ മലപ്പുറത്ത് പരമാവധി മെമ്പർമാരെ ലക്ഷ്യമിടുന്ന ലീഗിന് അൻവറിന്റെ പിന്തുണ സഹായകരമാവും. കോൺഗ്രസുമായുള്ള തർക്കത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നിലമ്പൂർ നഗരസഭയിലെ ഒരിടത്തും ലീഗിന് വിജയിക്കാനായില്ല. ലീഗിന് മെമ്പറില്ലാത്ത മലപ്പുറത്തെ ഏക നഗരസഭയാണിത്. കോൺഗ്രസിന് സ്വാധീനമുള്ള വഴിക്കടവ്, ചുങ്കത്തറ, എടക്കര, മൂത്തേടം, കാളികാവ്, വണ്ടൂർ, അമരമ്പലം, തുവ്വൂർ, എടവണ്ണ പഞ്ചായത്തുകളിലും ലീഗിന് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാനായില്ല. അൻവറിന്റെ കൂടി സ്വാധീന മേഖലകളാണിത്.
കോൺഗ്രസ് ആശങ്കയിൽ
നിയമസഭ തിരഞ്ഞെടുപ്പിൽ മലപ്പുറത്ത് കോൺഗ്രസ് വിജയിക്കുന്നത് വണ്ടൂരിലും നിലമ്പൂരിലും മാത്രമാണ്. അൻവറിന്റെ വരവോടെ നിലമ്പൂർ കോട്ടയല്ലാതായി മാറിയിട്ടുണ്ട്. വണ്ടൂരിലും മുന്നണിക്കുള്ളിലും കോൺഗ്രസിലും തർക്കങ്ങളുണ്ട്. തുടർച്ചയായി ഭൂരിപക്ഷം ഇടിയുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ ലീഗിന്റെ ആവശ്യം അവഗണിച്ചാൽ തിരിച്ചടിയാവുമോ എന്ന ആശങ്ക കോൺഗ്രസിനുണ്ട്.