ഫ്ലക്‌സ് ബോർഡല്ലേ പ്രധാനം, 'പാഴ്‌ത്തടി പാഴല്ലാതായി'
കോട്ടയം : കെട്ടിട നിർമാണത്തിനോ മറ്റാവശ്യങ്ങൾക്കോ ഉപയോഗിക്കാനാവാതെ ഒന്നിനും കൊള്ളാത്തതിന് പാഴ്ത്തടി എന്നു വിശേഷിപ്പിച്ച കാതലില്ലാത്ത മരം തദ്ദേശ തിരഞ്ഞെടുപ്പ് എത്തിയതോടെ 'പാഴല്ലാതായി'. എല്ലാ സ്ഥാനാർത്ഥികളുടെയും ചിത്രങ്ങൾ പതിച്ച പ്രധാനപ്രചാരണ വസ്തു ഫ്ലക്സ് ബോർഡാണ്. ആയിരക്കണക്കിന് ഫ്ലക്സ് ബോർഡുകളാണ് പ്രചാരണത്തിന് ഉപയോഗിക്കുന്നത്. ഇതിന് ഫ്രെയിമായി ഉപയോഗിക്കുന്നത് തടിയാണ്. പ്ലാവ്, ആഞ്ഞിലി തടികൾക്കാണ് ഡിമാൻഡ്. ഏജന്റുമാർ വീടുതോറും കയറിയിറങ്ങി പാഴ്ത്തടികൾ ശേഖരിച്ച് തുടങ്ങിയതോടെ വിലയും കുതിച്ചുയർന്നു. അടിയ്ക്ക് എഴുരൂപയിൽ താഴെ ആയിരുന്ന പട്ടിക വില പത്തിന് മുകളിലേക്ക് ഉയർന്നു. വട്ട, മരുത്, പെരുമരം തുടങ്ങിയവക്ക് ടണ്ണിന് പതിനായിരത്തിന് മുകളിലാണ് വില.
ചില സ്ഥാനാർത്ഥികൾ സ്വന്തം പുരയിടത്തിൽ നിൽക്കുന്ന തടികൾ വരെ മുറിച്ച് മില്ലുകളിൽ എത്തിച്ചിരിക്കുകയാണ്. സ്ഥിരം സ്ഥാനാർത്ഥികൾ മുൻകൂട്ടി പട്ടിക ഓർഡർ ചെയ്തതിനാൽ വലിയ ബുദ്ധിമുട്ട് ഉണ്ടായില്ല. പുതുമുഖ സ്ഥാനാർത്ഥികളാണ് പ്രതിസന്ധി നേരിടുന്നത്.
നോട്ടം പതിയുന്നിടത്ത് സ്ഥാപിക്കണം
വീട്ടുകാരിൽ നിന്ന് വാങ്ങുന്നതിന്റെ ഇരട്ടി വിലയാണ് ഫ്ലക്സ് ബോർഡ് തയ്യാറാക്കുന്ന കരാറുകാർ വാങ്ങുന്നത്. ഫ്ലക്സ് പ്രിന്റ് ചെയ്യുന്ന മിക്ക സ്ഥാപനങ്ങളും ഫ്രെയിം അടക്കം തയ്യാറാക്കുന്നതിനും ഫ്ലക്സ് ബോർഡുകൾ ജനശ്രദ്ധ പിടിച്ചു പറ്റുന്ന സ്ഥലങ്ങളിൽ വയ്ക്കുന്നതിന് വൻ വലിപ്പമനുസരിച്ച് വൻതുകയാണ് ഈടാക്കുന്നത്. പലരും ഇത് മറിച്ച് കരാർ നൽകിയിരിക്കുകയാണ് .
ആർക്കും വേണ്ടാതിരുന്ന പാഴ്ത്തടി മരം വെട്ടുകാർക്ക് അങ്ങോട്ടു കാശ് കൊടുത്ത് വീട്ടുകാർ വെട്ടിക്കുകയായിരുന്നു. തിരഞ്ഞെടുപ്പിൽ ഫ്ലക്സ് ബോർഡ് ഉപയോഗത്തിന് ആവശ്യകത വർദ്ധിച്ചതോടെ ഡിമാൻഡായെങ്കിലും വീട്ടുകാരിൽ നിന്നു വാങ്ങുന്നതിന്റെ ഇരട്ടി വിലഈടാക്കിയാണ് പട്ടിക തയ്യാറാക്കുന്ന ഇടനിലക്കാർ ലാഭം കൊയ്യുന്നത്.
എബി ഐപ്പ്
(കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി )