ഏഴ് കോടി രൂപ കൊള്ളയടിച്ച സംഭവം പൊലീസുദ്യോഗസ്ഥൻ അറസ്റ്റിൽ, സംഘത്തിൽ മലയാളിയും
ബംഗളൂരു: എ.ടി.എം കൗണ്ടറിലേക്കുള്ള പണവുമായി പോയ വാഹനം തടഞ്ഞുനിറുത്തി ഏഴ് കോടി രൂപ കൊള്ളയടിച്ച സംഭവത്തിൽ വഴിത്തിരിവ്. ബംഗളൂരു നഗരത്തെ ഞെട്ടിച്ച സിനിമാസ്റ്റൈൽ കവർച്ച നടന്ന് രണ്ടാം ദിനം രണ്ട് പേർ അറസ്റ്റിലായി. ഇതിലൊരാൾ ഗോവിന്ദരാജ നഗർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ അപ്പണ നായകും മറ്റേയാൾ കൊള്ളയടിക്കപ്പെട്ട എ.ടി.എം വാനിന്റെ കമ്പനിയായ സി.എം.എസ് ഇൻഫോ സിസ്റ്റം ലിമിറ്റഡിലെ മുൻ ജീവനക്കാരനായ മലയാളിയുമാണ്. ഇയാൾ അടുത്തിടെയാണ് ജോലി രാജിവച്ചത്. ഇരുവരും തമ്മിൽ ആറു മാസമായി പരിചയമുണ്ടെന്നും ഏറെ നാളായി ആസൂത്രണം ചെയ്താണ് കവർച്ച നടത്തിയതെന്നും പൊലീസ് അറിയിച്ചു. മോഷ്ടിച്ച പണം കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്.
കവർച്ച നടന്ന സ്ഥലത്തെ മൊബൈൽ ടവറിനുകീഴിലെ മൊബൈൽ നമ്പറുകൾ പരിശോധിച്ചപ്പോഴാണ് കോൺസ്റ്റബിളും മുൻ ജീവനക്കാരനും തമ്മിലുള്ള ബന്ധം അന്വേഷണ ഉദ്യോഗസ്ഥർക്ക് വ്യക്തമായത്. കവർച്ചാസമയം ഇരുവരും തുടർച്ചയായി വിളിച്ചിരുന്നതായി കണ്ടെത്തി. തുടർന്നുള്ള ദിവസങ്ങളിലും ഇവർ ഫോണിൽ സംസാരിച്ചു. കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ 19ന് ഉച്ചയ്ക്കാണ് സംഭവം. ജയനഗർ അശോക പില്ലറിനുസമീപം കാറിലെത്തിയ സംഘം പണവുമായിയെത്തിയ വാഹനം തടഞ്ഞുനിറുത്തി.
ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്നും രേഖകളും പണവും പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് ഗൺമാനെയും ജീവനക്കാരെയും പണമടങ്ങിയ പെട്ടികളുമായി കാറിൽ കയറ്റി.വഴിയിൽ ജീവനക്കാരെ ഇറക്കിവിട്ട് പണവുമായി മുങ്ങുകയായിരുന്നു.
അന്വേഷണം ശക്തം
പിന്നലുള്ള കൂടുതൽ പേർക്കായി അന്വേഷണം ശക്തമാണ്, ചിറ്റൂർ ജില്ലയിലെ തിരുപ്പതിക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ ഇവരുടെ കാർ കണ്ടെത്തിയിരുന്നു, തമിഴ്നാട്ടിലേക്കോ ആന്ധ്രാപ്രദേശിലേക്കോ പ്രതികൾ കടന്നിരിക്കാൻ സാദ്ധ്യതയുണ്ടെന്ന് പൊലീസ് കണ്ടെത്തി. ഇതിനിടെയാണ് രണ്ട് പേർ അറസ്റ്റിലായത്. എട്ട് പ്രത്യേക സംഘങ്ങളാണ് കേസ് അന്വേഷിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലായി 200 ഓളം ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.
കൊള്ളക്കാരെക്കുറിച്ചുള്ള സൂചനകൾ പൊലീസിന് ഇതിനകം ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു, അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര ഉറപ്പും നൽകി.