സംരക്ഷണമില്ലാതെ രാജനിർമ്മിത വഴിയമ്പലം
ആറ്റിങ്ങൽ: ആറ്റിങ്ങലിൽ രാജനിർമ്മിതവും ചരിത്രസ്മാരകമായ വഴിയമ്പലം തകർച്ചയുടെ വക്കിൽ. പൂവമ്പാറ പാലത്തിന് സമീപം മേലാറ്റിങ്ങൽ റോഡിൽ വാമനപുരം നദിയിൽ പഴയ കുളിക്കടവിന് സമീപത്തായാണ് തലയെടുപ്പോടെ നിൽക്കുന്ന വഴിയമ്പലമുള്ളത്.
തിരുവിതാംകൂർ രാജകുടുംബവുമായി അഭേദ്യമായ ബന്ധമുണ്ടായിരുന്നതാണ് ഈ വഴിയമ്പലമെന്ന് പഴമക്കാർ പറയുന്നു.വഴിയാത്രക്കാർക്കും വാമനപുരം നദിയിൽ ജലയാത്ര നടത്തുന്നവർക്കും നാട്ടുകാർക്കും വിശ്രമിക്കുന്നതിനായി തിരുവിതാംകൂർ രാജകുടുംബം നിർമ്മിച്ചതാണിത്. വഴിയമ്പലത്തിന് മുൻപിലുള്ള റോഡ് രാജപാത എന്നാണ് ചരിത്രരേഖകളിൽ പറയുന്നത്.എന്നാൽ ഇപ്പോൾ റോഡും തകർന്ന നിലയിലാണ്.വഴിയമ്പലത്തിന് വിളിപ്പാടകലെയാണ് പ്രസിദ്ധമായ മേലാറ്റിങ്ങൽ ശിവക്ഷേത്രം.ക്ഷേത്രത്തിലെ നിവേദ്യത്തിനായി വെള്ളം ശേഖരിക്കുന്നത് വഴിയമ്പലത്തിന് തൊട്ടുമുന്നിലുള്ള നദിക്കടവിൽ നിന്നാണ്. ഇത്രയും ചരിത്ര പ്രാധാന്യമുള്ള വഴിയമ്പലത്തിന്റെ അടിത്തറയിളകി പലഭാഗങ്ങളും അടർന്നുവീണു. ഏത് നിമിഷവും നിലംപതിക്കുന്ന സ്ഥിതിയിലാണിപ്പോൾ. നശിച്ചു നാമാവശേഷമാകാൻ തയ്യാറെടുക്കുന്ന വഴിയമ്പലത്തെ നിലനിറുത്താനും സംരക്ഷിക്കാനും നഗരസഭയോ പുരാവസ്തു വകുപ്പോ തയ്യാറാകാത്തതിൽ പ്രതിഷേധവുമുണ്ട്.
കൽത്തൂണുകളിൽ നിർമ്മിച്ച നൂറ്റാണ്ടുകൾ പഴക്കമുള്ള അമൂല്യമായ ചരിത്രനിധിയാണ് വഴിയമ്പലമെന്ന് ചരിത്രരേഖകൾ പറയുന്നു
കരിങ്കലിൽ ചിത്രപ്പണികളുള്ള പത്ത് തൂണുകളിൽ നിർമ്മിച്ച വഴിയമ്പലത്തിന്റെ മേൽക്കൂരയും ഇരിപ്പിടങ്ങളും കരിങ്കല്ലിൽ തന്നെയാണ്
കാലപ്പഴക്കത്താൽ നാശത്തിലേക്ക്
അടിസ്ഥാനം മുതൽ മേൽക്കൂര വരെ ഇപ്പോൾ ഇളകിക്കഴിഞ്ഞു
മേൽക്കൂരയിലെ കരിങ്കല്ലിൽ പുല്ലും പാഴ് മരങ്ങളും വളർന്നു
അടിസ്ഥാനത്തിന്റെ കല്ലിളകി വഴിയിൽ കിടക്കുന്നു
മഴക്കാലമായാൽ ഇതുവഴിയുള്ള കാൽനടയാത്രയും ദുഃസഹമാണെന്ന് നാട്ടുകാർ
വാഹനങ്ങൾ കടന്നുപോകുമ്പോൾ വഴിയമ്പലത്തിന് കുലുക്കവുമുണ്ട്