അഞ്ച് രൂപയ്ക്ക് രണ്ട് നേരത്തെ ഭക്ഷണം; സര്‍ക്കാര്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ ഇങ്ങനെ

Friday 21 November 2025 8:25 PM IST

ന്യൂഡല്‍ഹി: ഒരു നേരം പുറത്ത് നിന്ന് ഭക്ഷണം കഴിക്കണമെങ്കില്‍ വലിയ ചെലവാണ്. ഒരു ചായയും വടയും കഴിക്കാന്‍ പോലും 20 രൂപ നല്‍കണം. എന്നാല്‍ ഇതിന്റെ നാലിലൊന്ന് വിലയ്ക്ക് രണ്ട് നേരത്തെ സുഭിക്ഷമായ ഭക്ഷണം കിട്ടിയാലോ? ഈ ഭക്ഷണം കഴിക്കാന്‍ പക്ഷേ ഡല്‍ഹി വരെ പോകേണ്ടി വരും. രാജ്യതലസ്ഥാനത്ത് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന അടല്‍ ക്യാന്റീനുകളിലാണ് വെറും അഞ്ച് രൂപ നല്‍കിയാല്‍ രണ്ട് നേരത്തെ ഭക്ഷണം കിട്ടുക.

പദ്ധതിക്ക് ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത തറക്കല്ലിട്ടു. സംസ്ഥാനത്ത് അധികാരത്തിലെത്തിയാല്‍ അടല്‍ ക്യാന്റീനുകള്‍ സ്ഥാപിക്കുമെന്നും തുച്ഛമായ വിലയ്ക്ക് ഭക്ഷണം ലഭ്യമാക്കുമെന്നും തിരഞ്ഞെടുപ്പ് വാഗ്ദാനമായി ബിജെപി പറഞ്ഞിരുന്നു. മുഖ്യമന്ത്രി രേഖ ഗുപ്ത വെള്ളിയാഴ്ച തിമാര്‍പുര്‍ പ്രദേശത്ത് ആദ്യത്തെ 'അടല്‍ ക്യാന്റീനിന്' തറക്കല്ലിട്ടു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയുടെ പേരില്‍ നൂറ് ക്യാന്റീനുകള്‍ തുറക്കാന്‍ പദ്ധതിയുണ്ടെന്ന് ഡല്‍ഹി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ദരിദ്രര്‍ക്കും സാധാരണക്കാര്‍ക്കും താങ്ങാനാവുന്ന വിലയില്‍ ഭക്ഷണം നല്‍കുക എന്നതാണ് ഇത്തരം കാന്റീനുകള്‍ സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ഓരോ വ്യക്തിക്കും അഞ്ച് രൂപക്ക് രണ്ട് നേരം ഭക്ഷണം നല്‍കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയുടെ ജന്മദിനമായ ഡിസംബര്‍ 25ാം തീയതി 100 ക്യാന്റീനുകള്‍ തുറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് രേഖ ഗുപ്ത പറഞ്ഞു. ഓരോ അടല്‍ ക്യാന്റീനിലും വൃത്തിയുള്ള കൗണ്ടറുകള്‍, ഡിജിറ്റല്‍ ടോക്കണ്‍ സംവിധാനം, സി.സി ടിവി നിരീക്ഷണം, ശുദ്ധമായ കുടിവെള്ളം എന്നിവ ഉണ്ടായിരിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.