കല്ലാർ,മണലി മേഖലകൾ കാട്ടാനകൾ കൈയേറുന്നു
വിതുര: വിതുര പഞ്ചായത്തിലെ കല്ലാർ, മണലി വാർഡുകളിൽ വീണ്ടും കാട്ടാനശല്യം രൂക്ഷമാകുന്നു. പകൽസമയത്തും കാട്ടാനകൾ നാട്ടിലിറങ്ങി ഭീതിയും നാശവും പരത്തുന്നതിനാൽ ആദിവാസികൾ ഭീതിയിലാണ്. രാത്രിയിലെ അവസ്ഥയും വിഭിന്നമല്ല. മേഖലയിലെ കൃഷി മുഴുവൻ ഇതിനകം നശിപ്പിച്ചു. നിത്യവൃത്തിക്കായി കാട്ടുകിഴങ്ങും മറ്റും ശേഖരിക്കാൻ വനത്തിനുള്ളിൽ കയറാൻ കഴിയാത്ത സ്ഥിതിയാണ്.
വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിനുള്ളിൽ കയറിയ ആദിവാസികളെ ആനക്കൂട്ടം ഓടിച്ച സംഭവവുമുണ്ടായി. ഇതുസംബന്ധിച്ച് നാട്ടുകാർ നിരവധി തവണ വനപാലകർക്ക് പരാതി നൽകി. ഫോറസ്റ്റ് പടിക്കൽ സമരവും നടത്തിയിട്ടുണ്ട്.
ആനശല്യത്തിന് തടയിടാൻ ശാശ്വത നടപടികൾ സ്വീകരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് ബഹിഷ്കരണമുൾപ്പെടെയുള്ള സമരപരിപാടികൾ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.
ആനക്കിടങ്ങും വൈദ്യുതിവേലിയും നടപ്പായില്ല
കഴിഞ്ഞ ദിവസം രാത്രിയിൽ തലത്തൂതക്കാവ് കുമാരിയുടെ വിളയിലെ തെങ്ങ്, വാഴകൃഷികൾ മുഴുവൻ കാട്ടാനകൾ നശിപ്പിച്ച് നേരം പുലരുവോളം ഭീതിപരത്തി. മാത്രമല്ല കാട്ടാനയുടെ ആക്രമണത്തിൽ അനവധി പേർ മരിച്ചിട്ടുണ്ട്.
ആനശല്യത്തിന് തടയിടുവാൻസർക്കാർ പ്രഖ്യാപിച്ച ആനക്കിടങ്ങും വൈദ്യുതിവേലിയും മിക്ക മേഖലകളിലും യാഥാർത്ഥ്യമായിട്ടില്ല. വനമേഖലയായതിനാൽ വിതുരമേഖലയിലേക്ക് ആന പെട്ടെന്നെത്തും.
ഒറ്റയാൻ കാടുകയറാതെ
പഞ്ചായത്തിലെ മണലി മേഖലയിൽ ഭീതിയും നാശവും പരത്തി വിഹരിച്ച ഒറ്റയാനെ വനപാലകർ രണ്ടാഴ്ച മുൻപാണ് കല്ലാർ വനമേഖലയിലേക്ക് തുരത്തിയത്. രണ്ട് ദിവസത്തെ നീണ്ട പരിശ്രമത്തിന് ശേഷമാണ് ഒറ്റയാനെ മണലിയിൽ നിന്നും പതിനാറ് കിലോമീറ്റർ ദൂരെ കല്ലാർ സെക്ഷന്റെ പരിധിയിലുള്ള പട്ടാണിത്തിരു വനമേഖലയിലേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥരും റാപ്പിഡ് റെസ്പോൺസ് ടീമംഗങ്ങളും ചേർന്ന് തുരത്തിയത്.
എന്നാൽ കഴിഞ്ഞ ദിവസം രാത്രിയിൽ ആന വീണ്ടും കല്ലാർ നദി കടന്ന് മണലി കല്ലൻകുടി മേഖലയിലെത്തി.ഓടിച്ചുവിട്ടാലും മടങ്ങിയെത്തും. ആനയെ പിടികൂടി കോട്ടൂർ ആനസങ്കേതത്തിലേക്ക് കൊണ്ടുപോകണമെന്നാണ് മണലി നിവാസികൾ ആവശ്യപ്പെടുന്നത്.
പുലിയും കാട്ടുപോത്തും പന്നിയും
തലത്തൂതക്കാവ് സ്കൂൾ പരിസരത്തും കാട്ടാനകളെത്തുന്നുണ്ട്. കാട്ടാനക്കൂട്ടവും മണലി തലത്തൂതക്കാവ് മേഖലയിൽ ഇറങ്ങി ഭീതിയും നാശവും വിതച്ചു. കല്ലാറിൽ കഴിഞ്ഞ ദിവസം ഇറങ്ങി ഭീതിയും, നാശവും പരത്തിയ കാട്ടാനക്കൂട്ടത്തെ വനപാലകർ പടക്കം പൊട്ടിച്ച് കാട്ടിലേക്ക് ഓടിച്ചുവിട്ടു. കാട്ടനക്ക് പുറമേ മണലി കല്ലാർ മേഖലകളിൽ പുലിയുടേയും കാട്ടുപോത്തുകളുടേയും പന്നിയുടേയും ശല്യവുമുണ്ട്.