'സിവിൽ സർവീസിൽ രാഷ്ട്രീയം വേണ്ട'
ഡോ. ബി. അശോക്, കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ................................................................................. അഭിമുഖം തയ്യാറാക്കിയത് എം.എച്ച്. വിഷ്‌ണു
ഗവർണറുടെയും വൈസ് ചാൻസലർമാരുടെയും അധികാരം വെട്ടിക്കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള സർവകലാശാലാ നിയമഭേദഗതി ബില്ലിൽ താനറിയാതെ മറ്റൊരു ഐ.എ.എസ് ഉദ്യോഗസ്ഥ ഒപ്പിട്ട് മന്ത്റിസഭായോഗത്തിനു സമർപ്പിച്ചത് ചട്ടവിരുദ്ധമാണെന്ന് പരാതി ഉന്നയിച്ചിരിക്കുകയാണ് കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി. അശോക്. കാർഷിക സർവകലാശാലയുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ ഫയലിൽ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എന്ന നിലയിൽ ടിങ്കു ബിസ്വാളാണ് ഒപ്പിട്ടത്.
സെപ്തംബർ ഒമ്പതിലെ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവനുസരിച്ച് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ചുമതല തനിക്കാണെന്നിരിക്കെ രണ്ടുദിവസത്തിനുശേഷം, അതേ പദവിയിൽ എന്ന് അവകാശപ്പെട്ട് മറ്റൊരാൾ ഫയലിൽ ഒപ്പിട്ടത് ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന, വഞ്ചന എന്നിങ്ങനെ വകുപ്പുകൾ ചുമത്താവുന്ന ഗുരുതര കുറ്റകൃത്യമാണെന്നാണ് അശോക് റിപ്പോർട്ട് ചെയ്തത്. ബിൽ പിൻവലിക്കണമെന്നും ശരിയായ മാർഗത്തിലൂടെ വീണ്ടും അവതരിപ്പിക്കണമെന്നും ഗവർണർ പരിഗണിക്കേണ്ട വകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരിക്കുകയാണ് അദ്ദേഹം. ഐ.എ.എസ് അസോസിയേഷൻ പ്രസിഡന്റും കാർഷിക സർവകലാശാലാ വൈസ് ചാൻസലറുമായ ഡോ. ബി.അശോക് 'കേരളകൗമുദി"യുമായി സംസാരിക്കുന്നു.
? ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥ തലത്തിൽ ഇത്തരം പിശക് ഉണ്ടായത് എങ്ങനെ.
അനിഷ്ടമായതാണ് സംഭവിച്ചത്. അതിലെ നിലപാട് ബന്ധപ്പെട്ടവരെ അറിയിച്ചു. അവർ പരിഗണിക്കേണ്ട കാര്യങ്ങളായതുകൊണ്ട് അതിൽ പരസ്യചർച്ചയില്ല. യുക്തമായ സമയത്ത് വേണ്ട നിയമനടപടികൾ എടുക്കേണ്ടിവരും. അരുതാത്തത് നടക്കാൻ പാടില്ല. ആരിൽ നിന്നായാലും അത് 'സിസ്റ്റം" താങ്ങില്ല. സിവിൽ സർവീസ് നിഷ്പക്ഷത പുലർത്തണം. അതിൽ കക്ഷി രാഷ്ട്രീയ പരിഗണനയും സമ്മർദ്ദങ്ങളും ഒഴിവാക്കുകയാണ് നല്ലത്.
? മന്ത്റിസഭയുടെ പരിഗണനയിലിരിക്കെ, കേന്ദ്രവുമായി ധാരണാപത്രം ഒപ്പിട്ടതും ഒരു സീനിയർ ഐ.എ.എസ് ഉദ്യോഗസ്ഥയാണല്ലോ.
അങ്ങനെ സംഭവിച്ചെങ്കിൽ അത് സാധാരണമല്ല, മറ്റ് തസ്തികകളിൽ നിന്ന് വിഭിന്നമാണ് സെക്രട്ടറിയേറ്റ് തലത്തിലെ പ്രവർത്തനം. എല്ലാ ഗവ. സെക്രട്ടറിമാരും മന്ത്റിസഭയുടെ, അല്ലെങ്കിൽ സംസ്ഥാന സർക്കാരിന്റെ സെക്രട്ടറിമാരാണ്. ഭരണഘടനയാലും നിയമത്താലും ഭരണഘടനയുടെ താഴെയുള്ള നിയമപ്രകാരവും നിർമ്മിച്ച് വിജ്ഞാപനം ചെയ്ത ചട്ടങ്ങൾ പാലിക്കാൻ ബാദ്ധ്യസ്ഥരുമാണ്. മന്ത്റിസഭ കാണേണ്ടത്, മുഖ്യമന്ത്റി കാണേണ്ടത്, ഗവർണർ കാണേണ്ടത് എന്നിങ്ങനെ റൂൾസ് ഒഫ് ബിസിനസിൽ പ്രത്യേകം പട്ടികകളുണ്ട്. അത് ഒഴിവാക്കി ഉദ്യോഗസ്ഥർ വാക്കാലുള്ള ഉത്തരവുകളും നിർദ്ദേശങ്ങളും അനുസരിക്കുന്നത് സ്വന്തം റിസ്‌കിലാണ്. പിഴവ് സംഭവിച്ചെങ്കിൽ തിരുത്തി ശ്രദ്ധിച്ചു പോവുകയാണ് നല്ലത്.
? സീനിയർ ഉദ്യോഗസ്ഥർ ഇത്തരം കുരുക്കിൽപ്പെടുന്നത്...
അബദ്ധത്തിൽ സംഭവിക്കുന്നതാണ് എന്നു തോന്നുന്നില്ല. സമ്മർദ്ദം കഠിനമായിരിക്കും. ചട്ടം വിലക്കാത്ത പദവികളിൽ ഏതു വ്യക്തിയെയും നിയമിക്കാനുള്ള അവകാശം സർക്കാരിനുണ്ട്. എന്നാൽ ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് എന്നീ കേഡറുകൾക്കായി സംസ്ഥാനം തന്നെ ആവശ്യപ്പെട്ട 'കേഡർ" തസ്തികകളാണ് ഉള്ളത്. അവയിൽ ഈ ഉദ്യോഗസ്ഥരെത്തന്നെ നിയമിക്കണം. താത്കാലികമായി മറ്റുള്ളവരെ നിയമിച്ചാലും തുടർനടപടികൾ കേഡർ ചട്ടപ്രകാരമായിരിക്കണം.
കേരളത്തിൽ മൂന്ന് കേഡർ തസ്തികകളിലെങ്കിലും നോൺ കേഡർ അഥവാ വിരമിച്ച ഉദ്യോഗസ്ഥർ ദീർഘകാലം തുടർന്നു. ഇങ്ങനെ അർഹതയില്ലാതെ നിയമനം കിട്ടിയവർ പൂർണ വിധേയരായിരിക്കും. പക്ഷപാതപരമായി പ്രവർത്തിക്കാനുമിടയുണ്ട്. രാഷ്ട്രീയ താത്പര്യം മുൻനിറുത്തിയും പ്രവർത്തിക്കും. ഇത് അപകടകരവും നിയന്ത്റിക്കേണ്ടതുമാണ്. ഐ.എ.എസ് അസോസിയേഷൻ ഇക്കാര്യത്തിൽ നൽകിയ ഹർജി ട്രൈബ്യൂണലിന്റെ പരിഗണനയിലാണ്.
? സിവിൽ സർവീസുകാരെ രാഷ്ട്രീയവത്കരിച്ച സംഭവങ്ങൾ നിരവധിയുണ്ടല്ലോ.
ജനാധിപത്യത്തിൽ രാഷ്ട്രീയ കക്ഷികൾക്ക്, അവർക്ക് ജനം അംഗീകരിച്ചു നൽകിയ നയപരിപാടികൾ നടപ്പാക്കാൻ പൂർണ അവകാശമുണ്ട്. അവരെ സഹായിക്കാൻ സ്റ്റാഫ് തസ്തികകളിൽ സർവീസിലുള്ള ചില ഓഫീസർമാർ നിയമിതരാകും. പലപ്പോഴും ചീഫ് എക്സിക്യുട്ടീവിന്റെ 'ലാസ്റ്റ് മൈൽ" ഉപദേശകർ ഇവരാകുന്നുണ്ട്. എന്നാൽ എപ്പോഴും അവരുടെ ഉപദേശം ശരിയാകണമെന്നില്ല. ചട്ടം ലംഘിച്ചും നിയമം ലംഘിച്ചും പ്രവർത്തിച്ചവരെല്ലാം ഒടുവിൽ കാരാഗൃഹത്തിലായതാണ് അനുഭവങ്ങൾ.
വിരമിച്ച ഒട്ടേറെ ഐ.എ.എസുകാർ സർക്കാരിൽ എക്സിക്യുട്ടീവ് ചുമതലകൾ നിറവേറ്റി. നോൺ കേഡർ തസ്തികകളിൽ സർക്കാരിന് ഇതിനുള്ള സ്വാതന്ത്റ്യമുണ്ട്. വിരമിച്ചവർക്ക് എപ്പോഴും പദവിയിൽ തുടരാൻ താത്പര്യമുണ്ട്. ഇവരിൽ ചിലർ ജനങ്ങളുടെ താത്പര്യം മനസിലാക്കാതെ വളരെ സാങ്കേതികമായാവും പ്രവർത്തിക്കുക. ഉദ്യോഗസ്ഥർ എത്ര കഴിവുള്ളവരായാലും അവരെ പൂർണമായും ആശ്രയിക്കുന്നത് ശുഭകരമാവില്ല എന്നാണ് അനുഭവം. ജനസമ്പർക്കവും അംഗീകാരവുമുള്ള പൊതുപ്രവർത്തകർക്ക് പകരമാവില്ല, സാങ്കേതികമായി എത്ര കഴിവുള്ള ഉദ്യോഗസ്ഥനും.
? കൃഷി വകുപ്പിന്റെലോകബാങ്ക് പദ്ധതി മരവിപ്പിലാണോ? വിവാദങ്ങൾ തുടരുകയാണല്ലോ.
'കേര" പദ്ധതി നിർവഹണത്തിന് തയ്യാറാണ്. ചില ഘടകങ്ങൾ നടപ്പായിക്കഴിഞ്ഞു. 202 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് അടുത്ത നാലു മാസത്തിനകം തീർക്കേണ്ടത്. സംസ്ഥാന വിഹിതം ഒഴിച്ച് 139 കോടിയുടെ ലോക ബാങ്ക് വായ്പ കിട്ടി. കർഷകർക്ക് നേരിട്ട് പ്രയോജനം കിട്ടുന്ന നിരവധി മികച്ച ഘടകങ്ങളുണ്ട്. തുടർച്ചയായ രണ്ട് തിരഞ്ഞെടുപ്പുകളുടെ പെരുമാറ്റച്ചട്ടങ്ങൾ പദ്ധതിയെ ബാധിക്കും.
നിയമവിരുദ്ധമായി ചോർത്തിയ ഒരു ഇ-മെയിലിനെച്ചൊല്ലിയായിരുന്നു വിവാദങ്ങൾ. പരിശോധിച്ചപ്പോൾ ക്രമവിരുദ്ധമായി ഇ- മെയിൽചോർത്തിയിട്ടുണ്ട് എന്നു കണ്ടെത്തി. അക്കാര്യം സർക്കാരിന് റിപ്പോർട്ട് ചെയ്തയുടൻ സ്ഥലമാറ്റം വന്നു. ഈ വിടവിൽ കോടതിയുടെ വ്യക്തമായ ഉത്തരവുണ്ടായിട്ടും കൃഷിവകുപ്പിൽ അന്ന് ഫയൽ നോക്കേണ്ട എനിക്കു പകരം മറ്റൊരു ഉദ്യോഗസ്ഥ തുടർന്നും നിയമനിർമ്മാണ ഫയലുകൾ വരെ കൈകാര്യം ചെയ്തു. ഇതും എന്റെ അനുഭവത്തിൽ ആദ്യമാണ്.
?നെല്ല് സംഭരണത്തിൽ അടക്കം കൃഷി മേഖലയിൽ പ്രശ്നങ്ങൾ ഏറെയാണല്ലോ.
നെല്ല് സംഭരണം സമഗ്രമായി നവീകരിക്കാവുന്ന, സർക്കാർ സമിതിയുടെ റിപ്പോർട്ട് നടപ്പാക്കൽ തുടങ്ങാനായില്ല. കാർഷിക സർവകലാശാലാ നവീകരണ റിപ്പോർട്ട് വിദഗ്ദ്ധർ തയ്യാറാക്കിയതാണെങ്കിലും തുടർനടപടികളെടുക്കാനായില്ല. 2000 കോടിയിലേറെ അടങ്കൽ പ്രതീക്ഷിക്കുന്ന കുട്ടനാട് വികസന പദ്ധതിയുടെ രണ്ടാം ഘട്ടവും അഞ്ചു വർഷമായിട്ടും തുടങ്ങാനായില്ല. സമയബന്ധിതമായി പ്ലാനിംഗ് ബോർഡും മറ്റു വകുപ്പുകളും ആവശ്യമായ അംഗീകാരങ്ങൾ നൽകുകയാണ് വേണ്ടത്. നയപരമായ തീരുമാനങ്ങൾ വേണം. സ്ഥിതി മെച്ചപ്പെട്ടെങ്കിലും കർഷകർ പൂർണ സന്തുഷ്ടരാണ് എന്ന് കരുതാനാവില്ല. കർഷക ക്ഷേമനിധി ബോർഡിന്റെ പെൻഷൻ പദ്ധതിയുടെ പോരായ്മകളും പരിഹരിക്കാനായിട്ടില്ല. ഇതിനെല്ലാം ഇനിയും നല്ല പരിശ്രമം വേണം.