വീണ്ടും ബിഎൽഒ ആത്മഹത്യ, മാനസിക സമ്മർദ്ദം താങ്ങാനാകാതെ അദ്ധ്യാപകൻ ജീവനൊടുക്കി

Friday 21 November 2025 9:09 PM IST

ഗിർ‌ സോമനാഥ്: എസ്ഐആർ നടപടിയിലെ മാനസിക സമ്മർദ്ദം താങ്ങാനാകാതെ അദ്ധ്യാപകൻ ജീവനൊടുക്കി. ഗുജറാത്തിലെ ഗിർ‌ സോമനാഥ് ജില്ലയിലാണ് സംഭവം.കൊടിനാർ ദേവ്‌‌ലി സ്വദേശിയായ പ്രൈമറി സ്‌കൂൾ അദ്ധ്യാപകൻ അരവിന്ദ് വധേർ ആണ് മരിച്ചത്. മാനസിക സമ്മർദ്ദവും കനത്ത ജോലിഭാരവും തനിക്ക് താങ്ങാനാവുന്നില്ല എന്ന് സൂചിപ്പിക്കുന്ന അരവിന്ദ് വധേറിന്റെ ആത്മഹത്യാ കുറിപ്പ് ലഭിച്ചു. കൊടിനാറിലെ ഛാറ ഗ്രാമത്തിലെ സ്‌കൂളിലാണ് അരവിന്ദ് ജോലി നോക്കിയിരുന്നത്.

രാവിലെ 6.30ഓടെ വീട്ടിൽ മരിച്ച നിലയിൽ അരവിന്ദ് വധേറിനെ കണ്ടെത്തുകയായിരുന്നു. ഗിർ സോമനാഥ് കളക്‌ടറും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുമായ എൻ വി ഉപാദ്ധ്യായ സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണെന്നും സംഭവത്തിൽ ഞെട്ടലുണ്ടായെന്നും അഭിപ്രായപ്പെട്ടു. മികച്ച ഒരു ബിഎൽഒയായിരുന്നു അരവിന്ദ് എന്നും ചുരുങ്ങിയ സമയംകൊണ്ട് തന്റെ 40 ശതമാനത്തോളം ജോലിയും അദ്ദേഹം പൂർത്തിയാക്കിയെന്ന് കളക്‌ടർ പറഞ്ഞു. ഖേദ ജില്ലയിൽ ബിഎൽഒയായി ജോലി നോക്കിയ ഒരു അദ്ധ്യാപകനും വ്യാഴാഴ്‌ച മരണമടഞ്ഞിരുന്നു. രമേശ്‌ഭായി പാർമർ (50) ആണ് ഉറക്കത്തിൽ ഹൃദയാഘാതം വന്ന് മരിച്ചത്. എസ്ഐആർ ജോലിഭാരം കുറയ്‌ക്കണമെന്ന് അദ്ധ്യാപകർ കളക്‌ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.