വേലിയേറ്റവും മഴയും,​ മടവീഴ്ച ഭീഷണിയിൽ കുട്ടനാട്

Saturday 22 November 2025 12:53 AM IST

കുട്ടനാട് : രാത്രിയും പകലുമില്ലാതെ വേലിയേറ്റം ശക്തമായതോടെ, പുഞ്ചകൃഷിക്ക് തയ്യാറായ പാടശേഖരങ്ങൾ വ്യാപക മടവീഴ്ച ഭീഷണിയിൽ. വേലിയേറ്റത്തിൽ സാധാരണ നിലയിൽ നിന്ന് ഒന്നരടിയിലേറെ വെള്ളം ഉയരാൻ തുടങ്ങിയതോടെയാണ് പാടശേഖരങ്ങളിൽ മടവീഴാൻ തുടങ്ങിയത്.

വെളിയനാട് കൃഷിഭവന് കീഴിലെ രണ്ടുപാടശേഖരങ്ങളിൽ കഴിഞ്ഞ ദിവസം മടവീണിരുന്നു. ബണ്ട് കവിഞ്ഞ് വെള്ളം കയറിയതിനെ തുടർന്നായിരുന്നു അത്. ഇതോടെ, വരും ദിവസങ്ങളിൽ മടവീഴ്ച വ്യാപകമാകുമോ എന്ന ആശങ്കയിലാണ്

കർഷകർ. ഇടയ്ക്കിടെയുള്ള ശക്തമായ മഴയും ജലനിരപ്പ് ഉയരുന്നതിന് കാരണമാകുന്നുണ്ട്. ജില്ലാ ഭരണകൂടം ഇടപെട്ട് തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ അടിയന്തരമായി ക്രമീകരിച്ചാൽ മടവീഴ്ചയെ മറികടക്കാനാകുമെന്നാണ് കർഷകർ പറയുന്നത്.

കൊയ്‌ത്തിനും തടസം

വേലിയേറ്റത്തിൽ പുറത്തെ ജലനിരപ്പ് പരിധി വിട്ട് ഉയരുന്നത് രണ്ടാംകൃഷിയുടെ

കൊയ്‌ത്തിനെയും ബാധിച്ചതായും കർഷകർ പറയുന്നു. വിളവെത്തിയ പാടശേഖരങ്ങളിലേക്ക് ഉറവ വെള്ളം ശക്തമായി ഒഴുകിയെത്തുന്നത് നെല്ല് നനയുന്നതിനും കൊയ്‌ത്ത് തടസപ്പെടുന്നതിനും കാരണമാകുന്നുണ്ട്.

ഈ ഘട്ടത്തിൽ പമ്പിംഗ് നടത്താൻ സാധിക്കില്ലെന്നത് പാടശേഖരങ്ങൾക്ക് ഉള്ളിലെ ജലനിരപ്പ് വർദ്ധിപ്പിക്കാൻ ഇടയാക്കുന്നുണ്ട്. അതിനാൽ പ്രശ്നത്തിന് അടിയന്തര പരിഹാരം കാണാൻ അധികൃതർ തയ്യാറാകണമെന്നതാണ് കർഷകരുടെ ആവശ്യം.