കലോത്സവം, തിരഞ്ഞെടുപ്പ്: നെട്ടോട്ടത്തിൽ അദ്ധ്യാപകർ
ആലപ്പുഴ: ഡ്യൂട്ടിക്ക് മേൽ ഡ്യൂട്ടിയുമായി നിന്നുതിരിയാൻ സമയമില്ലാതെ നെട്ടോട്ടത്തിലാണ് ജില്ലയിലെ അദ്ധ്യാപകർ. ജില്ലാകലോത്സവം 24 മുതൽ 28 വരെ ആലപ്പുഴ നഗരത്തിലാണ് നടക്കുക. ജില്ലയിലെ 80 ശതമാനം അദ്ധ്യാപകരും കലോത്സവവുമായി ബന്ധപ്പെട്ട് തിരക്കിലായിരിക്കും. സ്കൗട്ട് ആൻഡ് ഗൈഡ് ക്യാമ്പ് പല സ്ഥലങ്ങളിലായി നടന്നുവരുന്നുണ്ട്. കരിയർ ഗൈഡൻസിന്റെ ദിശ പരിപാടി കോട്ടയത്ത് ഇന്ന് ആരംഭിക്കും. ഇവിടേക്കും കുട്ടികളുമായി അദ്ധ്യാപകർ എത്തണം. ഇതിനിടയിലാണ് തിരഞ്ഞെടുപ്പ് പരിശീലനം. ചുരുക്കിപ്പറഞ്ഞാൽ,
കലോത്സവം കഴിഞ്ഞാൽ തിരഞ്ഞെടുപ്പും വോട്ടെണ്ണെലും അതുകഴിഞ്ഞാലുടൻ ക്രിസ്മസ് പരീക്ഷ, തൊട്ടുപിന്നാലെ എൻ.എസ്.എസ് ക്യാമ്പ്. പോരേ പൂരം!
സ്കൂളുകളിൽ വിവിധ ക്ലബുകൾ പ്രവർത്തിക്കുന്നതിനാൽ ഇവയ്ക്കെല്ലാം അദ്ധ്യാപകർ കുട്ടികളെക്കൊണ്ടുപോകണം.എന്നാൽ, ഇത്തരം ക്ലബുകളുടെ പ്രവർത്തനം അക്കാഡമിക നിലവാരത്തെ തകർക്കുമെന്ന് ഒരുവിഭാഗം അദ്ധ്യാപകർ പറയുമ്പോഴും ഗ്രേസ് മാർക്ക് ലഭിക്കുമെന്നതിനാൽ ഇതിൽ ചേരാൻ കുട്ടികൾ തത്പരരാണ്.
ആവശ്യത്തിന് അംഗബലമില്ല
1.തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ സമ്മർദ്ദങ്ങളും അലച്ചിലും കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ ജനുവരിയിൽ പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷകൾ ആരംഭിക്കും.സ്കൂളുകളിൽ മോഡൽ പരീക്ഷ കഴിഞ്ഞാൽ മറ്റ് സ്കൂളുകളിൽ പരീക്ഷ ഡ്യൂട്ടിക്ക് പോകേണ്ടി വരും.
2.തീയറി മോഡൽ പരീക്ഷ ഫെബ്രുവരിയിൽ തുടങ്ങും.ഇതുകഴിഞ്ഞാൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ ആരംഭിക്കും. പിന്നെ, മൂല്യനിർണയും. ആറുമാസക്കാലം ഇനി അദ്ധ്യാപകർക്ക് വിശ്രമമില്ലെന്ന് ചരുക്കം
3.അദ്ധ്യാപകരുടെ ഒഴിവിലേക്ക് നിയമനം നടക്കാത്തതിനാൽ പല സ്കൂളുകളിലും താത്കാലിക അദ്ധ്യാപകരാണുള്ളത്. ഇവരെ തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കാനാകില്ല. ഒരുമാസത്തെ ബി.എൽ.ഒ ഡ്യൂട്ടിയും അദ്ധ്യാപകർക്ക് ഇപ്പോൾ നൽകിയിട്ടുണ്ട്
അക്കാഡമിക് കലണ്ടർ ശാസ്ത്രീമായി തയ്യാറാക്കണം. സമയബന്ധിതമായി പാഠ്യേതര പ്രവർത്തനങ്ങൾ നടത്താൻ സർക്കാർ മുന്നൊരുക്കം നടത്തണം
-എസ്. മനോജ്, ജനറൽ സെക്രട്ടറി, എ.എച്ച്.എസ്.ടി.എ