തൊഴിലാളികൾക്ക് സാമൂഹ്യ സുരക്ഷ, സ്‌ത്രീകൾക്ക് തുല്യ വേതനം

Saturday 22 November 2025 12:15 AM IST

ന്യൂഡൽഹി: അസംഘടിത മേഖലയിലെ തൊഴിലാളികൾക്കടക്കം മിനിമം വേതനം, ഇ.പി.എഫ്, ഇ.എസ്.ഐ ആനുകൂല്യം, സാമൂഹ്യ സുരക്ഷ, വനിതകൾക്ക് പുരുഷന്മാരുടേതിന് തുല്യമായ വേതനം തുടങ്ങിയവ ഉറപ്പാക്കുന്ന തൊഴിൽ പരിഷ്‌കാര കോഡുകൾ പ്രാബല്യത്തിൽ. രാജ്യത്തെ തൊഴിൽ മേഖലയിൽ കാതലായ മാറ്റം വരുത്താൻ ലക്ഷ്യമിട്ടാണിത്.

പല വിഭാഗങ്ങളിലെ 29 തൊഴിൽ നിയമങ്ങൾ നാല് കോഡുകളിൽ ലയിപ്പിച്ചാണ് കേന്ദ്രസർക്കാരിന്റെ പരിഷ്‌കാരം. 2020ൽ പാർലമെന്റ് പാസാക്കിയ നിയമം ബന്ധപ്പെട്ട മേഖലകളിലുള്ളവരുമായി ചർച്ച നടത്തിയ ശേഷമാണ് ഇപ്പോൾ നടപ്പാക്കുന്നത്. ചട്ടങ്ങൾ ഒരാഴ്ചയ്‌ക്കുള്ളിൽ നിലവിൽ വരും.

10 തൊഴിലാളികളിൽ താഴെയുള്ള സ്ഥാപനങ്ങളിലും ഇ.എസ്.ഐ ആനുകൂല്യം, ഒരു ജീവനക്കാരൻ മാത്രമാണെങ്കിലും അപകടകരമായ തൊഴിലാണെങ്കിൽ ഇ.എസ്.ഐ സുരക്ഷ,

കരാർ തൊഴിലാളിക്കും സ്ഥിരം തൊഴിലാളികൾക്ക് തുല്യമായ അവധി-സേവന-വേതന ആനുകൂല്യം, ജോലിയിൽ ഒരു വർഷമായാലും ഗ്രാറ്റുവിറ്റി, ഒാവർടൈമിന് ഇരട്ടി വേതനം തുടങ്ങിയവയും ഉറപ്പാക്കുന്നു.

സ്‌ത്രീ ജീവനക്കാർക്ക് അവരുടെ അനുമതിയോടെ രാത്രി ഷിഫ്‌റ്റുകളിൽ ജോലി ചെയ്യാം. വനിതകൾക്ക് ഖനികളിലും വലിയ യന്ത്രങ്ങൾ കൈകാര്യം ചെയ്യുന്ന തൊഴിലുകളും ചെയ്യാം. ഒാഡിയോ-ഡിജിറ്റൽ മേഖല, ഇലക്ട്രോണിക് മാദ്ധ്യമങ്ങൾ, അനിമേഷൻ, കാർട്ടൂൺ, ഡിജിറ്റൽ പ്രൊഡക്‌ഷൻ, വെബ് സീരിയൽ, ഡബ്ബിംഗ്, സ്റ്റണ്ട് ആർട്ടിസ്റ്റ് തുടങ്ങിയ തൊഴിൽ മേഖലകൾ ദൃശ്യമാദ്ധ്യമ നിർമ്മാണ മേഖലയുടെ ഭാഗമാക്കി.

40 കോടി അസംഘടിത തൊഴിലാളികൾക്ക്

സുരക്ഷാ ഫണ്ട്

1. 40 കോടി അസംഘടിത തൊഴിലാളികൾക്ക് സാമൂഹ്യ സുരക്ഷാ ഫണ്ട്.

തൊഴിലുടമകൾ ലാഭവിഹിതത്തിന്റെ 2% തൊഴിലാളികൾക്ക് നൽകണം

2.അപകടകരമായ മേഖലകളിലെ തൊഴിലാളികൾക്ക് 100% ആരോഗ്യ സുരക്ഷ. 40 വയസിനുമേൽ പ്രായമുള്ള ജീവനക്കാർക്ക് വാർഷിക സൗജന്യ ആരോഗ്യ ചെക്കപ്പ്

3.ബീഡി, ഖനി തൊഴിലാളികൾക്ക് ജോലി സമയം 8-12 മണിക്കൂർ. ആഴ്ചയിൽ 48 മണിക്കൂർ. ഐ.ടി ജീവനക്കാർക്ക് എല്ലാ 7-ാം തിയതിയും ശമ്പളം

അപ്പോയിൻമെന്റ്

ഒാർഡർ നിർബന്ധം

അസംഘടിത മേഖല, ഓൺലൈൻ ജീവനക്കാർ ഇൻഷ്വറൻസ്, ആരോഗ്യ, പ്രസവാനുകൂല്യങ്ങൾ, പി.എഫ് തുടങ്ങിയ സാമൂഹ്യ സുരക്ഷാപദ്ധതികളുടെ പരിധിയിൽ. കമ്പനികളുടെ രജിസ്ട്രേഷൻ, ലൈസൻസ് നടപടികൾ ലഘൂകരിക്കും. ജോലിയിൽ പ്രവേശിക്കുമ്പോൾ അപ്പോയിൻമെന്റ് ഒാർഡർ നിർബന്ധം.