ഇമിഗ്രേഷൻ ചെക്ക്പോസ്റ്റ് പദവിയായി; വിഴിഞ്ഞം ഇനി ' ഇന്റർനാഷണൽ '

Saturday 22 November 2025 3:20 AM IST

ക്യാപ്ടന്മാർക്കും ജീവനക്കാർക്കും ഇനി കരയിലിറങ്ങാം

വിഴിഞ്ഞം: രാജ്യത്തിന്റെ ഔദ്യോഗിക അന്താരാഷ്ട്ര സീപോർട്ടുകളുടെ പട്ടികയിൽ ഇനി വിഴിഞ്ഞവും. കേരളത്തിന്റെ വികസനത്തിന്റെ പുത്തൻ വാതായനങ്ങൾ തുറക്കുന്ന വിഴിഞ്ഞത്ത് ക്രൂ ചെയ്ഞ്ചിംഗ് അനുമതിക്കുള്ള ഇമിഗ്രേഷൻ ചെക്ക്പോസ്റ്റ് (ഐ.സി.പി) പദവി ലഭിച്ചു.

കപ്പലിലെത്തുന്ന ക്യാപ്ടന്മാർക്കും ജീവനക്കാർക്കും ഇനി കരയിലിറങ്ങാം. തുറമുഖത്തിന്റെ കമ്മിഷനിംഗ് കഴിഞ്ഞെങ്കിലും ഐ.സി.പി അനുമതി ലഭിക്കാത്തതിനാൽ ഇവിടെയെത്തുന്ന കണ്ടെയ്‌നർ കപ്പലുകളിലെ ക്യാപ്ടന്മാർക്ക് പുറത്തിറങ്ങാൻ കഴിയില്ലായിരുന്നു. അടിയന്തരഘട്ടത്തിൽ പുറത്തിറങ്ങുന്നതിനുള്ള ഷോർലീവാണ് നൽകിയിരുന്നത്. അനുമതി നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം 20ന് വിജ്ഞാപനമിറക്കി.

ക്രൂ ചെയ്ഞ്ചിനായി കപ്പലുകൾ

.സി.പി അനുമതി ലഭിച്ചതോടെ ഇവിടെ ചരക്കുനീക്കത്തിനല്ലാതെ ക്രൂ ചെയ്ഞ്ചിനായി മാത്രമായും കപ്പലുകൾ അടുക്കും. പ്രാദേശികമായി നിരവധി പേർക്ക് തൊഴിൽലഭ്യതയുമുണ്ടാകും. ഹോട്ടലുകൾ,ടൂറിസ്റ്റ് ടാക്‌സികൾ കൂടാതെ ചെറുകിട വ്യാപാര സ്ഥാപനങ്ങൾക്കും നേട്ടമുണ്ടാകും. അന്താരാഷ്ട്ര വിമാനത്താവളം അടുത്തായതിനാൽ കൂടുതൽ കപ്പലുകൾ വിഴിഞ്ഞത്തെത്തും.

ഇതോടൊപ്പം വിദേശികൾ ഉൾപ്പെടെയുള്ളവർ ഇവിടെ നിന്നും കപ്പലുകളിൽ സൈൻ ഓഫും സൈൻ ഇന്നും ചെയ്യാനുമാകും. കൊവിഡുകാലത്ത് സംസ്ഥാന മാരിടൈം ബോർഡിന്റെ കീഴിലുള്ള തുറമുഖ വാർഫിൽ ക്രൂചെയ്ഞ്ച് നടത്തിയിരുന്നു. എന്നാൽ കൊവിഡാനന്തരം താത്കാലിക ക്രൂചെയ്ഞ്ച് കേന്ദ്രസർക്കാർ നിറുത്തി.

 2020-22 കാലയളവിൽ 736 മദർ വെസലുകൾ

ക്രൂ ചെയ്ഞ്ച് നടത്തി മടങ്ങി

 തുറമുഖ വകുപ്പിന് ലഭിച്ച

വരുമാനം 10 കോടിയിലധികം രൂപ

ബങ്കറിങ് സർവീസ്

കഴിഞ്ഞ മാസം കപ്പലുകൾക്ക് ഇന്ധനം നൽകുന്ന ഷിപ്പ് ടു ഷിപ്പ് ബങ്കറിങ് സർവീസും ആരംഭിച്ചിരുന്നു. വിഴിഞ്ഞത്തേക്ക് ചരക്ക് നീക്കത്തിനു മാത്രമല്ല കപ്പൽ ചാലുവഴി പോകുന്ന കപ്പലുകൾക്കും ആവശ്യമാണെങ്കിൽ ഇവിടെ നിന്നും ഇന്ധനം നൽകും.

വിഴിഞ്ഞത്തിന്റെ സാദ്ധ്യതകൾ

1.തീരദേശ ഹൈവേ: തുറമുഖ - തീര കാഴ്ചകൾക്ക് സൗകര്യം 2.റിംഗ് റോഡ്: ചരക്കുനീക്കം വേഗത വർദ്ധിപ്പിക്കും

3.ഭൂഗർഭ റെയിൽപ്പാത നിർമ്മാണം ഉടൻ 4.ഇന്റർനാഷണൽ എയർപോർട്ട്: വിദേശ സഞ്ചാരികൾക്കും കപ്പൽ

ജീവനക്കാർക്കും സൗകര്യം, കാർഗോ സർവീസിന് നേട്ടം 5. മത്സ്യബന്ധന തുറമുഖം: മത്സ്യ-അനുബന്ധ തൊഴിൽ,കയറ്റുമതി സാദ്ധ്യത

ചരക്കുനീക്കം ഇതുവരെ

 12.75 ലക്ഷം കണ്ടയ്നറുകൾ

 582 കപ്പലുകൾ