വോട്ടു ചോദിക്കും, വേദിയിലേക്ക് പായും

Saturday 22 November 2025 1:19 AM IST

ആലപ്പുഴ: പിന്തുണ തേടി വോട്ടർമാർക്കരികിലെത്തും, ഇതിനിടെ വേദികളിലേക്ക് ഓടിയെത്തി മൃദംഗവും വായിക്കും. ആലപ്പുഴ നഗരസഭ എ.എൻ.പുരം വാർഡിലെ സി.പി.ഐ സ്ഥാനാർത്ഥി അനിൽ തിരുവമ്പാടിയാണ് ഒരേ സമയം തിരഞ്ഞെടുപ്പ് രംഗത്തും കലാവേദികളിലും കൊട്ടിക്കയറുന്നത്. മൃദംഗ കലാകാരനും അദ്ധ്യാപകനുമാണ് അനിൽ. നിരവധി ശിഷ്യസമ്പത്തുണ്ട്. ഉത്സവ സീസണാരംഭിച്ചതോടെ ക്ഷേത്രങ്ങളിലടക്കം പരിപാടികൾക്ക് മുൻകൂർ ബുക്കിംഗുണ്ട്. പ്രചരണവും പരിപാടിയും ഒരുപോലെ കൊണ്ടുപോകാനുള്ള തത്രപ്പാടിലാണ്. ഇരുപത് വർഷം മുമ്പ് ഇതേ സീറ്റിൽ അനിൽ സ്വതന്ത്രനായി മത്സരിച്ചിരുന്നു. 2010ൽ ഭാര്യ സുമിത്രയും സി.പി.ഐ ടിക്കറ്റിൽ ഇവിടെ മത്സരിച്ചു. അന്ന് വിധി പ്രതികൂലമായിരുന്നു. ഇത്തവണ വിധി മാറ്റിയെഴുതാമെന്ന പ്രതീക്ഷയിലാണ്. അക്ഷരയും അമിത്തുമാണ് മക്കൾ.