ദുബായ് എയർഷോയിൽ തേജസ് തകർന്നുവീണ് പൈലറ്റിന് ദാരുണാന്ത്യം
ദുബായ്: യു.എ.ഇയിൽ ദുബായ് എയർഷോയിൽ അഭ്യാസ പ്രകടനത്തിനിടെ തേജസ് യുദ്ധവിമാനം തകർന്നുവീണ് പൈലറ്റ് മരിച്ചു. ഹിമാചൽ പ്രദേശിലെ കാൻഗ്ര സ്വദേശി സ്‌ക്വാഡ്രൺ ലീഡർ നമൻ സ്യാൽ ആണ് മരിച്ചത്. ഇന്നലെ പ്രാദേശിക സമയം ഉച്ചയ്ക്ക് 2.15ന് അൽ-മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു അപകടം. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഒറ്റ സീറ്റർ ലൈറ്റ് കോംബാറ്റ് എയർക്രാഫ്‌റ്റാണ് തേജസ്.
വെർട്ടിക്കലായി പറക്കുന്നതിനിടെ പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് വീണ് അഗ്നിഗോളമായി. എയർഷോ താത്കാലികമായി നിറുത്തിവച്ചു. അപകടകാരണം വ്യക്തമല്ല. വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു.
അൽ-മക്തൂം വിമാനത്താവളത്തിൽ 17നാണ് ഷോ തുടങ്ങിയത്. ഇന്നലെയായിരുന്നു അവസാന ദിനം. ഇന്ത്യയുടെ സൂര്യകിരൺ, യു.എസിന്റെ എഫ് - 35 എന്നിവയുടെ അഭ്യാസങ്ങളും ഇന്നലെയുണ്ടായിരുന്നു. ഇതിനു ശേഷമാണ് അപകടമുണ്ടായത്.
പെടുന്നനെ താഴേക്ക്
8 മിനിറ്റ് നീണ്ട പ്രകടനത്തിനായി 2.10 ഓടെ വിമാനം പറന്നുയർന്നു
രണ്ട് തവണ കരണം മറിഞ്ഞു. മൂന്നാം ശ്രമത്തിനിടെ നിയന്ത്രണം നഷ്ടമായി
പെടുന്നനെ താഴേക്ക് പതിച്ച വിമാനം വീണത് റൺവേക്ക് പുറത്ത്
കഴിഞ്ഞ മാർച്ചിൽ രാജസ്ഥാനിൽ പരിശീലനത്തിനിടെ തേജസ് അപകടത്തിൽപ്പെട്ടു
പൈലറ്റ് പാരച്യൂട്ടിന്റെ സഹായത്തോടെ രക്ഷപ്പെട്ടു