കുറ്റപത്രം വൈകിയാൽ പ്രോസിക്യൂഷൻ റദ്ദാക്കാം

Saturday 22 November 2025 12:26 AM IST

ന്യൂഡൽഹി: അന്വേഷണ ഏജൻസികൾ കുറ്രപത്രം സമർപ്പിക്കുന്നത് വൈകിയാൽ പ്രോസിക്യൂഷൻ നടപടികൾ റദ്ദാക്കാമെന്ന് വ്യക്തമാക്കി സുപ്രീംകോടതി. എഫ്.ഐ.ആറിനും കുറ്റപത്രം സമർപ്പിക്കലിനുമിടയിൽ വലിയ കാലതാമസമുണ്ടായാൽ, വിചാരണക്കോടതി അന്വേഷണ ഏജൻസിയോട് വിശദീകരണം ചോദിക്കണം.

ബീഹാറിലെ ഐ.എ.എസ് ഉദ്യോഗസ്ഥനായ റോബർട്ട് ചോംഗ്തുവിനെതിരെയുള്ള കേസിലെ പ്രോസിക്യൂഷൻ നടപടി റദ്ദാക്കി കൊണ്ടാണ് ജസ്റ്റിസുമാരായ സഞ്ജയ് കരോൽ, എൻ. കോട്ടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചിന്റെ നിലപാട്. കേസെടുത്ത് 11 വർഷമായപ്പോഴാണ് കുറ്രപത്രം സമർപ്പിക്കുന്നത്. പ്രോസിക്യൂഷൻ നടപടികളും നീളുന്നത് കോടതി കണക്കിലെടുത്തു. 2002-2005 കാലയളവിൽ കൃത്യമായ പൊലീസ് വെരിഫിക്കേഷൻ നടത്താതെ അന്ന് ജില്ലാ മജിസ്ട്രേട്ടായിരുന്ന റോബർട്ട് പലർക്കും തോക്ക് ലൈസൻസ് നൽകിയെന്ന് കണ്ടെത്തിയതായിരുന്നു കേസ്.