ദക്ഷിണാഫ്രിക്കയിൽ മോദിക്ക് വൻസ്വീകരണം
ന്യൂഡൽഹി: ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ മൂന്നു ദിവസത്തെ സന്ദർശനത്തിനായി ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആവേശകരമായ സ്വീകരണം. 2023ൽ ഇന്ത്യ അദ്ധ്യക്ഷ സ്ഥാനം വഹിച്ച സമയത്ത് അംഗത്വം ലഭിച്ച ആഫ്രിക്കയിൽ നടക്കുന്ന ആദ്യത്തെ ജി 20 ഉച്ചകോടിയാണിത്.
ഗൗട്ടെങ്ങിലെ വാട്ടർക്ലൂഫ് എയർഫോഴ്സ് ബേസിൽ (എ.എഫ്.ബി)ദക്ഷിണാഫ്രിക്കൻ നൃത്തങ്ങളുടെ അകമ്പടിയോടെ പരമ്പരാഗത സ്വീകരണമാണ് ലഭിച്ചത്. ഹോട്ടലിൽ കാത്തു നിന്ന ഇന്ത്യൻ പ്രവാസികളുമായി അദ്ദേഹം സംവദിച്ചു. പ്രധാനമന്ത്രിക്കുവേണ്ടി ബീഹാർ, ജാർഖണ്ഡ്, ഒഡീഷ, പശ്ചിമ ബംഗാൾ, അസം, കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാർ പരമ്പരാഗത നൃത്തം അവതരിപ്പിച്ചു.ജോഹന്നാസ്ബർഗിലെ ഇന്ത്യൻ സമൂഹത്തിന്റെ ഊഷ്മളമായ സ്വീകരണം വളരെയധികം സ്പർശിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ബന്ധം പ്രതിഫലിപ്പിക്കുന്ന വാത്സല്യമാണിത്.