വയനാട് ജില്ലാ പഞ്ചായത്ത്: യൂത്ത് കോൺ. സംസ്ഥാന സെക്രട്ടറി ജെഷീർ പള്ളിവയൽ സ്വതന്ത്ര സ്ഥാനാർത്ഥി
കൽപ്പറ്റ: സീറ്റ് നിഷേധത്തിന് പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജെഷീർ പള്ളിവയൽ വിമത സ്ഥാനാർത്ഥിയായി പത്രിക നൽകി. വയനാട് ജില്ലാ പഞ്ചായത്ത് തോമാട്ടുചാൽ ഡിവിഷനിൽ ആണ് ജെഷീർ പള്ളിവയൽ പത്രിക നൽകിയത്. നീതിക്കായുള്ളപോരാട്ടമെന്ന് ജെഷീർ പള്ളിവയൽ പറഞ്ഞു. 50 ഓളം യൂത്ത്‌കോൺഗ്രസ് പ്രവർത്തകർക്കൊപ്പം എത്തിയാണ് ജെഷീർ വരണാധികാരി ജില്ലാ കളക്ടർ ഡി.ആർ.മേഘശ്രിക്ക് മുൻപാകെ നാമനിർദ്ദേശപത്രിക നൽകിയത്. താൻ പാർട്ടിയെ ഉപേക്ഷിക്കാനോ പാർട്ടി വിരുദ്ധനാകാനോ തയ്യാറല്ല. പാർട്ടി തെറ്റ് തിരുത്തുമെന്നാണ് പ്രതീക്ഷ. മൂന്ന് ദിവസം കൂടി കാത്തിരിക്കും. മത്സരത്തിൽ നിന്നും പിന്മാറില്ല. േപൊലീസിന്റെ ക്രൂരമായ മർദ്ദനത്തെ തുടർന്ന് ജീവിച്ചിരിക്കുന്ന രക്തസാക്ഷിയെപോലെയാണ് താൻ. 'തളരില്ല ഇനി തോമാട്ട് ചാൽ 'എന്ന മുദ്രാവാക്യവുമായി മത്സരരംഗത്ത് തുടരും. പ്രവർത്തകരുടെയും നാട്ടുകാരുടെയും ആവശ്യപ്രകാരമാണ് തോമാട്ടുച്ചാൽ ഡിവിഷൻ മത്സരിക്കുന്നത്. അവസാന നിമിഷം വരെ പരിഗണിച്ച ശേഷം വി.എൻ ശശീന്ദ്രനെ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു. ശശീന്ദ്രൻ നാമനിർദ്ദേശ പത്രിക നൽകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ജെഷീർ വിമത സ്ഥാനാർത്ഥിയായി രംഗത്തുവന്നത്.