എസ്.ഐ.ആർ: കേരളത്തിലെ ഹർജികൾ 26ന് പരിഗണിക്കും

Saturday 22 November 2025 12:29 AM IST

ന്യൂഡൽഹി: കേരളത്തിലെ തീവ്ര വോട്ടർപട്ടിക പുതുക്കൽ (എസ്.ഐ.ആർ) പ്രക്രിയ അടിയന്തരമായി നിറുത്തിവയ്‌ക്കണമെന്ന ഹർജികൾ സുപ്രീംകോടതി 26ന് പരിഗണിക്കും. സംസ്ഥാന സർക്കാർ,സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ,കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ്,ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ സമർപ്പിച്ച ഹർജികൾ അന്ന് ലിസ്റ്റ് ചെയ്യും. ബീഹാറിലെ എസ്.ഐ.ആറുമായി ബന്ധപ്പെട്ട ഹർജികൾ അടക്കം അന്ന് പരിഗണിക്കാൻ നിശ്ചയിച്ചിരുന്നെങ്കിലും,നിരവധി ഹർജികൾ ഒരേസമയം പരിഗണിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാൽ കേരളവുമായി ബന്ധപ്പെട്ട ഹർജികൾ മാത്രം 26ന് ലിസ്റ്റ് ചെയ്യുമെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്,എസ്.വി.എൻ ഭട്ടി,ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഇന്നലെ കേരളത്തിലെ ഹർജികൾ പരിഗണിച്ചപ്പോൾ,തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയക്കാൻ കോടതി നിർദ്ദേശിച്ചു. എസ്.ഐ.ആർ നടപടി സ്റ്റേ ചെയ്യണമോയെന്നതിൽ 26ന് വാദം കേട്ട് തീരുമാനമെടുക്കും. അതേസമയം,ഉത്തർപ്രദേശിലെ എസ്.ഐ.ആറിനെ ചോദ്യം ചെയ്‌ത് സമർപ്പിച്ച ഹർജിയിലും തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു.