കോൺ. ജീവന്മരണ പോരാട്ടത്തിൽ: ലക്ഷ്യം നിയമസഭ

Saturday 22 November 2025 1:31 AM IST

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ജീവന്മരണ പോരാട്ടത്തിലാണ് കോൺഗ്രസ്. മൂന്ന് മുൻ എം.എൽ.എമാരെ സ്ഥാനാർത്ഥികളാക്കിയത് തന്നെ കോൺഗ്രസിന്റെ ഉദ്ദേശ ലക്ഷ്യം വെളിവാക്കുന്നതാണ്.

തൃശൂരിലെ അടാട്ട് ഗ്രാമ പഞ്ചായത്തിൽ വടക്കാഞ്ചേരി മുൻ എം.എൽ.എ അനിൽ അക്കരയും തിരുവനന്തപുരം കോർപ്പറേഷനിൽ അരുവിക്കര മുൻ എം.എൽ.എ

കെ.എസ്. ശബരീനാഥനും, ഇടുക്കി കട്ടപ്പന നഗരസഭയിലേക്ക് ഉടുമ്പൻചോല മുൻ എം.എൽ.എ ഇ.എം. ആഗസ്തിയുമാണ് മത്സരിക്കുക. അനിൽ അക്കര മുമ്പ് അടാട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പദവി വഹിച്ചിട്ടുണ്ട്. മന്ത്രിയും എം.എൽ.എയുമായിരുന്ന എം.ടി. പത്മയെ കോൺഗ്രസ് മുമ്പ് കോഴിക്കോട് കോർപ്പറേഷനിൽ മത്സരിപ്പിച്ച് ജയിപ്പിക്കുകയും, പ്രതിപക്ഷ നേതാവാക്കുകയും ചെയ്തിട്ടുണ്ട്.

കോൺഗ്രസിന്റെ അടിത്തട്ടു മുതൽ പ്രവർത്തനരംഗത്ത് സജീവമാക്കാൻ നേതൃത്വം ശ്രദ്ധിക്കുന്നു. യുവജനങ്ങൾക്ക് കൂടുതൽ അവസരം കൊടുക്കാനും സാമുദായിക സംഘടനകളുടെ പരിഭവങ്ങൾ കേൾക്കാനും ശ്രദ്ധിച്ചതും പുതിയ തന്ത്രങ്ങളുടെ ഭാഗമാണ്. പരമാവധി തദ്ദേശ സ്ഥാപനങ്ങളിൽ തർക്കങ്ങളില്ലാതെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിക്കാൻ സാധിച്ചതും കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ചെറിയ കാര്യമല്ല.

 കോർപ്പറേഷൻ ചുമതല മുതിർന്ന നേതാക്കൾക്ക്

ആറു കോർപ്പറേഷനുകളുടെ തിരഞ്ഞെടുപ്പ് ചുമതല അനുഭവ സമ്പന്നരായ ആറു നേതാക്കൾക്കാണ്. തലസ്ഥാന കോർപ്പറേഷനിൽ കെ. മുരളീധരനാണ് എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നത്. മുൻ മന്ത്രി വി.എസ്. ശിവകുമാർ (കൊല്ലം)​,​ വി.ഡി. സതീശൻ (എറണാകുളം)​,​ ബെന്നി ബഹനാൻ എം.പി (തൃശൂർ)​,​ രമേശ് ചെന്നിത്തല (കോഴിക്കോട്)​,​ കെ.സുധാകരൻ എം.പി (കണ്ണൂർ)​ എന്നിങ്ങനെയാണ് കോർപ്പറേഷനുകളുടെ ചുമതല.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പാർട്ടി മെഷീനറിയെ കൂടുതൽ ചലനാത്മകമാക്കുക കൂടിയാണ് ലക്ഷ്യം. ഭരണത്തിൽ പത്ത് വർഷത്തെ ഇടവേള ഉണ്ടായതിന്റെ ക്ഷീണം കോൺഗ്രസിനും ഘടകകക്ഷികൾക്കും നല്ല ബോദ്ധ്യമുണ്ട്. വീണ്ടും പ്രതിപക്ഷത്തിരിക്കേണ്ടി വരുന്നത് ചിന്തിക്കാനാവില്ല