സ്ഥിരം മോഷ്ടാവ് അറസ്റ്റിൽ
Saturday 22 November 2025 2:46 AM IST
എഴുകോൺ: തിരക്കേറിയ കെ.എസ്.ആർ.ടി.സി ബസിൽ വൃദ്ധയുടെ മാല കവർന്ന മോഷ്ടാവിനെ പിടികൂടി മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്. ഇന്നലെ രാവിലെ 9.15ന് ചീരങ്കാവ് ജംഗ്ഷനിലാണ് സംഭവം. കല്ലട സ്വദേശിയായ വൃദ്ധയ്ക്ക് മൂന്ന് പവനോളം വരുന്ന മാല നഷ്ടമായത്. തമിഴ്നാട് തിരുപ്പൂർ നാഗർപ്പെട്ടി സ്വദേശിയായ അനുവാണ് (40) പിടിയിലായത്. ചീരങ്കാവിലെ സ്റ്റോപ്പിൽ ആളിറങ്ങാൻ തിരക്ക് കൂട്ടുന്നതിനിടെയാണ് മാല കവർന്നത്. നിലവിളി ഉയർന്നതോടെ ഫുട്ബോർഡിന് സമീപം നിന്ന എഴുകോൺ ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കെ.ആർ.അനിത അലർട്ടായി. ധൃതിയിലിറങ്ങിയ അനുവിനെ അനിത തടഞ്ഞു. ഇതോടെ അനു മാല മടിയിൽ വീണ് കിട്ടിയെന്ന് പറഞ്ഞ് തടി തപ്പാൻ ശ്രമിച്ചെങ്കിലും അനിത കള്ളക്കഥ പൊളിച്ചു. എഴുകോൺ പൊലീസ് സ്ഥലത്തെത്തിയപ്പോൾ അനു സ്ഥിരം മോഷ്ടാവാണെന്ന് തിരിച്ചറിഞ്ഞു. റിമാൻഡ് ചെയ്തു.