അങ്കത്തിനിറങ്ങി ദമ്പതികൾ
തൃശൂർ: ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പ് കോലഴി തേർമഠം വീട്ടിൽ പെപ്പിൻ ജോർജിനും ഭാര്യ ലതികയ്ക്കും വീട്ടുകാര്യമാണ്. ഇരുവരും ബി.ജെ.പി സ്ഥാനാർത്ഥികളായി തിരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങുകയാണ്. ഭാര്യ ലതിക മുളങ്കുന്നത്തുകാവ് പഞ്ചായത്തിലെ 15-ാം വാർഡിൽ ജനവിധി തേടുമ്പോൾ പെപ്പിൻ ഭാര്യയുടെ ഡിവിഷൻ ഉൾപ്പെട്ട പുഴയ്ക്കൽ ബ്ലോക്കിലെ മുളങ്കുന്നത്തുകാവ് ഡിവിഷനിലും മത്സരിക്കും.
പെപ്പിൻ ജോർജ് മൂന്നാം തവണയും ലതിക നാലാം തവണയുമാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
ഡ്രൈവിംഗ് സ്‌കൂൾ നടത്തുന്ന പെപ്പിൻ പ്രചാരണത്തിനുള്ള പണമില്ലാത്തതിനാൽ കഴിഞ്ഞ തവണ മത്സരത്തിനിറങ്ങിയില്ല. ബി.എം.എസ്. ഡ്രൈവിംഗ് സ്‌കൂൾ ഓണേഴ്‌സ് യൂണിയൻ സംസ്ഥാന നേതാവും ബി.ജെ.പി മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റുമാണ് ഇദ്ദേഹം. 2010മുതലാണ് ഇവർ ഒരുമിച്ച് മത്സരത്തിനിറങ്ങി തുടങ്ങിയത്. കോർപറേഷൻ അരണാട്ടുകരയിലും പുഴയ്ക്കൽ ബ്ലോക്കിലെ പൂമലയിലും പെപ്പിൻ മത്സരിച്ചിട്ടുണ്ട്. ലതിക മുളങ്കുന്നത്തുകാവ് പഞ്ചായത്തിലേക്കും പുഴയ്ക്കൽ ബ്ലോക്കിലേക്കുമാണ് മത്സരിച്ചത്. ഇവർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രണ്ട് മക്കളുണ്ട്. വിജയിക്കും വരെ മത്സരിക്കുകയെന്നതാണ് ലക്ഷ്യമെന്ന് ഇരുവരും പറയുന്നു.