സ്വര്‍ണക്കടയില്‍ മോഷണശ്രമം , മുന്‍ പഞ്ചായത്തംഗം പിടിയില്‍; മാനസികപ്രശ്‌നമുണ്ടെന്ന് ബന്ധുക്കള്‍

Saturday 22 November 2025 12:15 AM IST

കോഴിക്കോട്: സ്വര്‍ണക്കടയിലെ മോഷണശ്രമത്തിനിടെ പിടിയിലായ കോഴിക്കോട് പൂവാട്ടുപറമ്പ് സ്വദേശി മുന്‍ പഞ്ചായത്തംഗം. പരിയങ്ങാട് താടായില്‍ മേലേ മേത്തേടം സൗദാബിയാണ് മോഷണശ്രമത്തിനിടെ പിടിയിലായത്. ഫറോക്ക് നഗരസഭയാകുന്നതിന് മുമ്പ് പഞ്ചായത്ത് ആയിരുന്നപ്പോള്‍ ഇവര്‍ അവിടുത്തെ അംഗമായിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് ഇവര്‍ ഫറോക്കിലെ വസ്തുവകകള്‍ വിറ്റ് പൂവാട്ടുപറമ്പിലേക്ക് മാറിയത്.

ചോദ്യം ചെയ്യലിന് ശേഷം സൗദാബിയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കള്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നു സര്‍ക്കാര്‍ വനിതാ സംരക്ഷണ കേന്ദ്രത്തിലേയ്ക്ക് ഇവരെ മാറ്റി. കുരുമുളക് സ്‌പ്രേ, പെട്രോള്‍, സിഗററ്റ് ലൈറ്റര്‍ തുടങ്ങിയവ കൊണ്ടായിരുന്നു ഇവര്‍ കഴിഞ്ഞ ദിവസം സ്വര്‍ണക്കടയില്‍ മോഷണ ശ്രമം നടത്തിയത്. സൗദാബി ആദ്യം രണ്ടു തവണ മുഖം മറച്ചും പിന്നീട് മുഖം മറയ്ക്കാതെയുമാണ് ഇതേ കടയില്‍ വന്നതെന്ന് കടയുടമയുടെ മകള്‍ പൊലീസിന് മൊഴി നല്‍കി.

കൃത്യമായ മുന്നൊരുക്കങ്ങളോടെ കവര്‍ച്ചാശ്രമം നടത്തിയ സൗദാബിക്ക് മാനസിക പ്രശ്‌നങ്ങളുള്ളതായി പൊലീസ് കരുതുന്നില്ല. വനിതാ സംരക്ഷണ കേന്ദ്രത്തില്‍ നിരീക്ഷണത്തിലായ ഇവരെ കോടതി അനുമതി ലഭിച്ചാല്‍ പിന്നീട് ചോദ്യം ചെയ്ത് തുടര്‍നടപടി സ്വീകരിക്കാനാണ് പൊലീസിന്റെ നീക്കം. മൂന്ന് തവണ കടയില്‍ എത്തിയശേഷമാണ് ഇവര്‍ മോഷണശ്രമം നടത്തിയത്.