അലന്റെ കൊലപാതകം: പ്രതികളുമായി ഇന്ന് തെളിവെടുക്കും
തിരുവനന്തപുരം: കുട്ടികൾ തമ്മിലുള്ള പ്രശ്‌നം പറഞ്ഞുതീർക്കാനെത്തിയ സുവിശേഷക വിദ്യാർത്ഥി അലനെ കുത്തിക്കൊന്ന കേസിൽ ഏഴ് പ്രതികളുമായി കന്റോൺമെന്റ് പൊലീസ് എന്ന് തെളിവെടുപ്പ് നടത്തും.
തൈക്കാട് ശാസ്താംകോവിലിന് സമീപമെത്തിച്ചാണ് തെളിവെടുക്കുക. അജിൻ എന്ന ജോബി (27),സന്ദീപ് ഭവനിൽ അഭിജിത്ത് (26), ചക്കുമോൻ എന്ന കിരൺ (26),വലിയവിള സ്വദേശി ജോക്കി എന്ന നന്ദു (27),ആരോൺ എന്ന അഖിൽലാൽ (27),സന്ദീപ് ഭവനിൽ സന്ദീപ് (27),അഖിലേഷ് (20) എന്നിവരെ 23 വരെ കസ്റ്റഡിയിൽ വാങ്ങി. തുടർന്ന് സ്റ്റേഷനിലെത്തിച്ച ഇവരെ ചോദ്യം ചെയ്‌തുവരികയാണ്.
പ്രതികളുടെ വിരലടയാളങ്ങളും പൊലീസ് ശേഖരിച്ചു. അതേസമയം, കൊലപാതക കേസിലെ മുഖ്യ ആസൂത്രകനായ തൈക്കാട് മോഡൽ സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കായി കസ്റ്റഡി അപേക്ഷ ഉടൻ നൽകും. പ്രായപൂർത്തിയാകാത്തതിനാൽ ജഗതി സ്വദേശിയായ 16കാരനെ പൂജപ്പുര ഒബ്സർവേഷൻ ഹോമിൽ പാർപ്പിച്ചിരിക്കുകയാണ്.