തേജസ്: ഇന്ത്യയുടെ കരുത്ത്, അഭിമാനം

Saturday 22 November 2025 12:35 AM IST

ന്യൂഡൽഹി: അപകട സാദ്ധ്യത കുറയ്‌ക്കാനുള്ള അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കരുത്തുറ്റ യുദ്ധവിമാനമാണ് തേജസ്. ഇന്ത്യയുടെ അഭിമാനം. ഇതിനുമുമ്പ് അപകടത്തിൽപെട്ടത് ഒരു തവണ മാത്രം. 2024 മാർച്ചിൽ പരിശീലനപ്പറക്കലിനിടെ രാജസ്ഥാനിലെ ജയ്‌സാൽമീറിൽ തകർന്നു വീണു. പൈലറ്റ് രക്ഷപ്പെട്ടു. ഇന്നലെ ദുബായ് എയർ ഷോയ്ക്കിടെ തകർന്നു വീണതു സംബന്ധിച്ച് വ്യോമസേന അന്വേഷിക്കുന്നുണ്ട്.

താഴോട്ട് വീഴുമ്പോൾ പൈലറ്റിന് പാരച്യൂട്ട് വിന്യസിച്ച് രക്ഷപ്പെടാനുള്ള സീറോ ഇജക്ഷൻ സംവിധാനം തേജസ് വിമാനങ്ങളിൽ സജ്ജീകരിച്ചിട്ടുണ്ട്. മാർട്ടിൻ ബേക്കർ കമ്പനിയാണ് ഇത് നിർമ്മിച്ചത്. ഏത് അവസ്ഥയിലും പൈലറ്റുമാരെ സുരക്ഷിതമായി പുറത്തെത്തിക്കാൻ പര്യാപ്തമാണിത്.

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച തേജസ് സൈന്യത്തിൽ വിന്യസിക്കുന്നതിനൊപ്പം കയറ്റുമതിയും ലക്ഷ്യമിടുന്നുണ്ട്. റോയൽ മലേഷ്യൻ എയർഫോഴ്സ് 18 തേജസ് വിമാനം വാങ്ങാൻ താത്പര്യപ്പെട്ടിട്ടുണ്ട്. പുതിയ പതിപ്പായ തേജസ് എം.കെ 1എ വാങ്ങാൻ ചില രാജ്യങ്ങൾ താത്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

കൂടുതൽ മികവിൽ

എം.കെ 1എ

നിലവിലുള്ളതിനേക്കാൾ 43 സാങ്കേതിക മികവുകളുള്ള തേജസ് എം.കെ 1എ ഇന്ത്യ നിർമ്മിക്കുന്നുണ്ട്. അത്യാധുനിക റഡാർ, ദീർഘദൂര മിസൈൽ, ആകാശത്തുവച്ച് ഇന്ധനം നിറയ്‌ക്കൽ,​ ശത്രു റഡാറിനെയും മിസൈലുകളെയും നിർവീര്യമാക്കാനുള്ള ജാമർ തുടങ്ങിയ സംവിധാനങ്ങളോടെയാകും ഇതെത്തുക. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡാണ് തേജസ് നിർമ്മിക്കുന്നത്. കരയിലേക്കോ ആകാശത്തേക്കോ കടലിലേക്കോ തൊടുക്കാവുന്ന മിസൈലുകൾ, റോക്കറ്റുകൾ, ലേസർ അധിഷ്ഠിത ബോംബുകൾ വഹിക്കാം. അത്യാധുനിക ഉപഗ്രഹാധിഷ്ഠിത ദിശാസൂചക സംവിധാനം, ഡിജിറ്റൽ കമ്പ്യൂട്ടർ നിയന്ത്രിത ആക്രമണശേഷി, ഓട്ടോപൈലറ്റ് സംവിധാനം എന്നിവയുണ്ട്. നിർമ്മാണച്ചെലവ് വിമാനമൊന്നിന് 275-300 കോടി.

തേജസ്

നീളം.......................................13.2 മീറ്റർ

ഉയരം.................................... 4.4 മീറ്റർ

വിംഗ്സ്‌പാൻ....................... 8.2 മീറ്റർ വേഗം (മണിക്കൂറിൽ)........ 1350 കി.മീ. വഹിക്കാവുന്ന ഭാരം.......... 13,500 കി. ഗ്രാം

 ദൂരപരിധി.............................3000 കി.മീ ഒറ്റപ്പറക്കലിൽ എത്താൻ

കഴിയുന്ന ദൂരപരിധി............. 300 കി.മീ