ഭീകരസംഘടനകളിലേക്ക് റിക്രൂട്ട്മെന്റ്, ഡോ. ഉമർ നബി വീഡിയോകൾ തയ്യാറാക്കി പ്രചരിപ്പിച്ചു

Saturday 22 November 2025 12:36 AM IST

ന്യൂഡൽഹി: ചെങ്കോട്ടയ്‌ക്കുസമീപം സ്‌ഫോടനം നടത്തിയ ഡോ. ഉമ‌ർ നബി, ജെയ്ഷെ മുഹമ്മദ് അടക്കം ഭീകരസംഘടനകളിലേക്കുള്ള റിക്രൂട്ട്മെന്റിനായി നിരവധി വീഡിയോകൾ തയ്യാറാക്കി പ്രചരിപ്പിച്ചുവെന്ന് ഏജൻസികൾ കണ്ടെത്തി. ഉന്നത വിദ്യാഭ്യാസമുള്ള യുവാക്കളെ സ്വാധീനത്തിലാക്കി 'വൈറ്റ് കോളർ" മൊഡ്യൂൾ സജീവമാക്കി നിറുത്താനായിരുന്നു ശ്രമം. ഉമർ തീവ്ര ആശയങ്ങൾ പറയുന്ന 12ൽപ്പരം വീഡിയോകൾ ഏജൻസികൾ കണ്ടെടുത്തു. വിവിധ ആപ്പുകൾ മുഖേന ഗ്രൂപ്പ് ചർച്ചകളും സംഘടിപ്പിച്ചിരുന്നു. നിരവധി യുവാക്കളെ ബ്രെയിൻ വാഷ് ചെയ്‌തു വലയിലാക്കിയെന്നും ഏജൻസികൾ വ്യക്തമാക്കി. അതേസമയം, ബോംബുണ്ടാക്കുന്നതിന്റെ ഭാഗമായി യൂറിയ അരച്ചെടുത്ത ഗ്രൈൻഡർ കണ്ടെത്തി. സ്‌ഫോടനക്കേസിൽ അറസ്റ്റിലായ ഡോ. മുസമ്മിൽ താമസിച്ചിരുന്ന ഫരീദാബാദിലെ മുറിയിൽ നിന്നാണിത്. വിദേശരാജ്യങ്ങളിലെ മൂന്ന് ഭീകരർ ബോംബ് നിർമ്മാണത്തിന് സഹായിക്കുന്ന 42ൽപ്പരം വീഡിയോകൾ മുസമ്മലിന് അയച്ചുകൊടുത്തുവെന്നും ഏജൻസികൾക്ക് വിവരം ലഭിച്ചു. ഇതിനിടെ, അഭിഭാഷകനെ കാണണമെന്ന കൂട്ടുപ്രതി ജാസിർ ബിലാൽ വാനിയുടെ ആവശ്യം ഡൽഹി ഹൈക്കോടതി തള്ളി. ജാസിർ എൻ.ഐ.എയുടെ കസ്റ്റഡിയിലാണ്.

മാർഗരേഖയുമായി

ലെഫ്റ്റനന്റ് ഗവർണർ

ഡൽഹിയിൽ അമോണിയം നൈട്രേറ്റ് വിൽപ്പനയുമായി ബന്ധപ്പെട്ട് ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്‌സേന മാ‌ർഗരേഖ പുറപ്പെടുവിച്ചു. സ്‌ഫോടനം നടന്ന മേഖലയിൽ അമോണിയം നൈട്രേറ്റിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണിത്. ബോംബ് നിർമ്മാണത്തിന് ഉപയോഗിച്ചുവെന്നാണ് ഏജൻസികളുടെ നിഗമനം. ഇവയുടെ വിൽപന കർശനമായി നിരീക്ഷിക്കണമെന്നും, ഡിജിറ്റൽ റെക്കാ‌ഡ് സൂക്ഷിക്കണമെന്നും മാർഗരേഖയിൽ ലെഫ്റ്റനന്റ് ഗവർണർ ഡൽഹി പൊലീസിന് നിർദ്ദേശം നൽകി. ജമ്മു കാശ്‌മീരിലും കെമിക്കൽ ഷോപ്പുകളിൽ രേഖകളുടെ പരിശോധന ഊർജ്ജിതമാക്കി.