മഡഗാസ്‌കർ പ്രസിഡൻഷ്യൽ പാലസിൽ ഭീമൻ മരതകം കണ്ടെത്തി
Saturday 22 November 2025 7:24 AM IST
ആന്റനനറീവോ : മഡഗാസ്‌കറിലെ പ്രസിഡൻഷ്യൽ പാലസിൽ 300 കിലോഗ്രാം ഭാരമുള്ള ഭീമൻ മരതകം കണ്ടെത്തി. ഇടക്കാല പ്രസിഡന്റും പട്ടാളത്തലവനുമായ കേണൽ മൈക്കൽ റാൻഡ്രിയാനിരിനയാണ് വിവരം പുറത്തുവിട്ടത്. തിളങ്ങുന്ന ഇരുണ്ട പച്ചനിറത്തോടെയുള്ള മരതകത്തിന്റെ യഥാർത്ഥ വലിപ്പവും ഗുണനിലവാരവും അളക്കാൻ വിദഗ്ദ്ധരുടെ സഹായം തേടും. പ്രകൃതിദത്ത രൂപത്തിലായതിനാൽ ചുറ്റുമുള്ള പാറയും മറ്റും നീക്കി മരതകം ശുദ്ധീകരിച്ചെടുക്കേണ്ടതുണ്ട്. മരതകം വില്പന നടത്തുമെന്നും ലഭിക്കുന്ന തുക ദേശീയ ട്രഷറിയിലേക്ക് മാറ്റുമെന്നും മൈക്കൽ പറഞ്ഞു. കഴിഞ്ഞ മാസം യുവജന പ്രക്ഷോഭത്തെ തുടർന്ന് മുൻ പ്രസിഡന്റ് ആൻഡ്രി രജോലിനയുടെ സർക്കാർ നിലംപതിച്ചതോടെയാണ് മൈക്കലിന്റെ നേതൃത്വത്തിലെ സൈന്യം അധികാരം പിടിച്ചെടുത്തത്.