അപമാനിക്കപ്പെട്ട വേദിയിൽ വിശ്വസുന്ദരി പട്ടം ചൂടി ഫാത്തിമ
ബാങ്കോക്ക്: ദിവസങ്ങൾക്ക് മുമ്പ് അപമാനിക്കപ്പെട്ട വേദി. പൂർവ്വാധികം ശക്തിയോടെവിശ്വസുന്ദരി കിരീടം ചൂടി അതേ വേദിയിൽ തല ഉയർത്തി നിന്നപ്പോൾ 25കാരിയായ മെക്സിക്കൻ സുന്ദരി ഫാത്തിമ ബോഷ് ഫെർണാണ്ടസിന് ഇത് അഭിമാന നിമിഷം. 120 മത്സരാർത്ഥികളെ പിന്തള്ളിയാണ് ഫാത്തിമ മിസ് യൂണിവേഴ്സ് 2025 കിരീടം ചൂടിയത്. ഇത് നാലാം തവണയാണ് മെക്സിക്കോയിലേക്ക് വിശ്വസുന്ദരി പട്ടം എത്തുന്നത്. ഈ മാസം നാലിന് പ്രധാന മത്സരങ്ങൾക്ക് മുന്നോടിയായുള്ള ചടങ്ങിനിടെ ഫാത്തിമയെ സംഘാടകനായ നവത് ഇത്സാരഗ്രൈസിൽ പരസ്യമായി ശാസിച്ചത് വിവാദമായിരുന്നു. പ്രമോഷൻ പരിപാടികളിൽ വിട്ടുനിന്ന ഫാത്തിമയെ 'വിഡ്‌ഢി"യെന്ന് അടക്കം വിളിച്ച് അപമാനിച്ചു. പ്രതിരോധിക്കാൻ ശ്രമിച്ച ഫാത്തിമയെ സുരക്ഷാ ഉദ്യോഗസ്ഥർ വേദിക്ക് പുറത്താക്കി. പിന്നാലെ ഫാത്തിമയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മറ്റ് മത്സരാർത്ഥികളും വേദിവിട്ടു. ഇവരെ മത്സരത്തിൽ നിന്ന് പുറത്താക്കുമെന്ന് നവത് ഭീഷണി മുഴക്കി.
വൻ വിമർശനം ഉയർന്നതോടെ നവതിന് മാപ്പുപറയേണ്ടി വന്നു. ഇതോടെ മത്സരാർത്ഥികൾ തിരിച്ചെത്തി. നിറകണ്ണുകളുമായി വേദിയിൽ മടങ്ങിയെത്തി ഒടുവിൽ വിജയ കിരീടം ചൂടിയ ഫാത്തിമ മറ്റ് മത്സരാർത്ഥികൾക്കും പ്രചോദനമായി.ഇന്നലെ തായ്‌ലൻഡിലെ നോന്തബുരിയിലാണ് 74 -ാമത് മിസ് യൂണിവേഴ്സ് വിജയിയെ തിരഞ്ഞെടുത്തത്. തായ്‌ലൻഡിന്റെ പ്രവീണാർ സിംഗ് രണ്ടാമതും വെനസ്വേലയുടെ സ്റ്റെഫനി അബാസാലി മൂന്നാമതും എത്തി. വടക്കൻ തായ്‌ലൻഡിലെ ഇന്ത്യൻ വേരുകളുള്ള കുടുംബത്തിലെ അംഗമാണ് പ്രവീണാർ സിംഗ്. ഇന്ത്യയുടെ മണിക വിശ്വകർമ്മയ്ക്ക് ടോപ് 12ൽ ഇംടനേടാനായില്ല. അതേ സമയം, സംഘാടകർ കൃത്രിമത്വം കാട്ടുന്നെന്ന് ആരോപിച്ച് രണ്ട് വിധികർത്താക്കൾ ഫൈനലിന് മുന്നേ രാജിവച്ചിരുന്നു. ഫൈനലിസ്റ്റുകളെ മുൻകൂട്ടി തീരുമാനിച്ചിരുന്നു എന്ന് ഇവരിൽ ഒരാൾ ആരോപിച്ചത് പുതിയ വിവാദങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
മെക്സിക്കോയിലെ ടബാസ്കോ സ്വദേശി
ഫാഷൻ ആൻഡ് അപ്പാരൽ ഡിസൈനിൽ ബിരുദം