കോപ് 30 ഉച്ചകോടി വേദിയിൽ തീപിടിത്തം

Saturday 22 November 2025 7:25 AM IST

ബ്രസീലിയ: ബ്രസീലിലെ ബെലെം നഗരത്തിൽ ആരംഭിച്ച ഐക്യരാഷ്‌ട്ര സംഘടനയുടെ (യു.എൻ) 'കോപ് 30" കാലാവസ്ഥാ ഉച്ചകോടിയുടെ വേദിയിൽ തീപിടിത്തം. യു.എൻ സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടറെസ് അടക്കം ആയിരത്തിലേറെ പ്രതിനിധികളെ വേദിയിൽ നിന്ന് സുരക്ഷിതമായി ഒഴിപ്പിച്ചു. പ്രാദേശിക സമയം വ്യാഴാഴ്ച വൈകിട്ട് വേദിയിലെ പ്രദർശന പവലിയനുകളിൽ ഒന്നിൽ നിന്നാണ് തീപടർന്നത്. വൈദ്യുതി ഉപകരണത്തിലെ തകരാറാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു. തീ നിയന്ത്രണ വിധേയമാക്കിയെന്നും ആർക്കും പരിക്കില്ലെന്നും അധികൃതർ അറിയിച്ചു. കനത്ത പുക മൂലം അസ്വസ്ഥകൾ നേരിട്ട 21 പേർക്ക് സംഭവ സ്ഥലത്ത് വച്ച് ചികിത്സ നൽകാനായി. ഈ മാസം 10ന് തുടങ്ങിയ ഉച്ചകോടി ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ സമാപിക്കും. പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവാണ് ഇന്ത്യൻ സംഘത്തെ നയിച്ചത്.