തേജസ് വിമാനം തകർന്നതിൽ അന്വേഷണം ആരംഭിച്ച് വ്യോമസേന; വീരമൃത്യു വരിച്ച പൈലറ്റിന്റെ ഭൗതികശരീരം ഇന്ന് ഡൽഹിയിലെത്തിക്കും

Saturday 22 November 2025 7:45 AM IST

ദുബായ്: ദുബായിൽ എയർ ഷോയ്‌ക്കിടെ ഇന്ത്യയുടെ തേജസ് വിമാനം തകർന്നുവീണ് വിംഗ് കമാൻഡർ നമൻഷ് സ്യാൽ വീരമൃത്യു വരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് വ്യോമസേന. ഇതിന്റെ ഭാഗമായി വ്യോമസേന ദുബായ് അധികൃതരുമായി ബന്ധപ്പെട്ടുവെന്നാണ് വിവരം. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്താനാകുമോയെന്നാണ് ശ്രമം. അട്ടിമറി സാദ്ധ്യതയും പരിശോധിക്കും. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിച്ചുവെന്നും റിപ്പോർട്ടുണ്ട്.

അതേസമയം, നമൻഷ് സ്യാലിന്റെ ഭൗതികശരീരം ഇന്ന് ഡൽഹിയിലെത്തിക്കും. ഹിമാചൽ പ്രദേശ് കംഗ്ര സ്വദേശിയാണ് അദ്ദേഹം. രാജ്‌നാഥ് സിംഗ്, സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ ഉൾപ്പെടെയുള്ളവർ അനുശോചനം രേഖപ്പെടുത്തി. കുടുംബത്തിന്‍റെ ദുഃഖത്തിനൊപ്പം പങ്കുചേരുന്നുവെന്ന് രാജ്നാഥ് സിംഗ് പ്രതികരിച്ചു. അപകടത്തിന് പിന്നിൽ അട്ടിമറി ഉണ്ടോ എന്നതിൽ പരിശോധന തുടരുന്നതായും പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.

തേജസ്‌ ദുരന്തത്തിൽ ഇന്ത്യൻ വ്യോമസേനയ്ക്കും വീരമൃത്യു വരിച്ച വിംഗ് കമന്ഡർ നമൻഷ് സ്യാലിന്റെ കുടുംബത്തിനും ദുബായ് സിവിൽ എവിയേഷൻ അതോറിറ്റി പ്രസിഡന്റ് ഷെയ്ഖ് അഹ്മദ് ബിൻ സയീദ് അൽ മക്തും അനുശോചനം അറിയിച്ചു. കടുത്ത ദുഃഖം അറിയിക്കുന്നു എന്നും ഇന്ത്യൻ എയർഫോഴ്‌സിന് പിന്തുണ അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദുബായ് എയർഷോ സംഘാടകരും അനുശോചനം അറിയിച്ചു. വലിയ നഷ്ടത്തിൽ കുടുംബത്തിനൊപ്പം നിൽക്കുന്നു എന്നാണ് ദുബായ് എയർഷോ സംഘാടകർ അറിയിച്ചത്. ഇന്ത്യൻ വ്യോമസേനയുടെ ദുഃഖത്തിൽ പങ്കുചേരുന്നു എന്നും എല്ലാ അംഗങ്ങളും സുരക്ഷിതരായി ഇരിക്കട്ടെ എന്നും സംഘാടകർ പറഞ്ഞു.